ബഹ്‌റൈൻ പ്രവാസികളുടെ പ്രിയപ്പെട്ട ഡോക്ടർ പി.വി. ചെറിയാൻ ഇനി ഓർമ്മ, വിടവാങ്ങിയത് പ്രവാസി ജനതയുടെ വലിയൊരു തണൽ, അന്ത്യം തിരുവനന്തപുരത്ത്

ബഹ്‌റൈൻ പ്രവാസികളുടെ പ്രിയപ്പെട്ട ഡോക്ടർ പി.വി. ചെറിയാൻ ഇനി ഓർമ്മ, വിടവാങ്ങിയത് പ്രവാസി ജനതയുടെ വലിയൊരു തണൽ, അന്ത്യം തിരുവനന്തപുരത്ത്

മനാമ: ബഹ്റൈനിലെ ആരോഗ്യ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ നാല് പതിറ്റാണ്ടിലേറെയായി സജീവമായിരുന്ന പ്രമുഖ ഇന്ത്യന്‍ ഫിസിഷ്യന്‍ ഡോ. പി.വി. ചെറിയാന്‍ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളും പ്രവാസി സമൂഹവും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

1979 ഒക്ടോബര്‍ 16-നാണ് ഡോ. പി.വി. ചെറിയാന്‍ മുംബൈയില്‍ നിന്ന് ബഹ്റൈനില്‍ എത്തുന്നത്. ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രശസ്തമായ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലാണ് അദ്ദേഹം തന്റെ മെഡിക്കല്‍ സേവനം ആരംഭിച്ചത്. വര്‍ഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിലൂടെ രാജ്യത്തിന്റെ ആരോഗ്യരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രിയുടെ മെഡിക്കല്‍ സംഘത്തിലെ അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം, നിരവധി ദേശീയ-അന്തര്‍ദേശീയ സമ്മേളനങ്ങളുടെയും ഔദ്യോഗിക പൊതുപരിപാടികളുടെയും മെഡിക്കല്‍ കോര്‍ഡിനേറ്ററായും മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്.

കേവലം ഔദ്യോഗിക സേവനങ്ങളില്‍ ഒതുങ്ങാതെ, ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസികളുടെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു ഡോ. ചെറിയാന്‍. ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ നേതൃത്വം നല്‍കിയ അദ്ദേഹം, ബഹ്റൈന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ്ബ്, കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്, ബ്ലഡ് ഡോണേഴ്സ് കേരള തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പ്രവാസി ലോകത്തിന്റെ എക്കാലത്തെയും വലിയ ആദരവിനും സ്നേഹത്തിനും അദ്ദേഹത്തെ അര്‍ഹനാക്കി.