ഡ്രോൺ ആക്രമണ പരമ്പര;സൗദിയിൽ സുരക്ഷാ ഭീഷണി രൂക്ഷം

പരിക്കേറ്റ ഇന്ത്യക്കാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്

ഡ്രോൺ ആക്രമണ പരമ്പര;സൗദിയിൽ സുരക്ഷാ ഭീഷണി രൂക്ഷം

റിയാദ്: സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ പൗരന് പരിക്കേറ്റു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് പ്രവാസികൾ സംഭവത്തിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ ഇന്ത്യക്കാരന് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ശൈബ എണ്ണപ്പാടത്തെ എണ്ണസംസ്കരണ കേന്ദ്രം ലക്ഷ്യമാക്കി എത്തിയ ഡ്രോണിനെ സൗദി വ്യോമപ്രതിരോധ സേന തകർക്കുകയായിരുന്നു. എന്നാൽ, ഡ്രോണിന്റെ അവശിഷ്ടങ്ങൾ താഴെ പതിച്ചതാണ് അപകടത്തിനും ആളപായത്തിനും കാരണമായതെന്ന് സൗദി ഊർജ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിക്കുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്.

അതിനിടെ, സൗദിയിലെ അത്യാവശ്യ സേവനങ്ങളിൽ ഉൾപ്പെടാത്ത അമേരിക്കൻ സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചു. വക്താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും സമാനമായ ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയെന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് അമേരിക്കയുടെ നീക്കം.

ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിലും ആളപായവും പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദിയിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ആക്രമണങ്ങളെത്തുടർന്ന് വിമാന സർവീസുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ പ്രവാസികളുടെയും യാത്രക്കാരുടെയും സുരക്ഷ സംബന്ധിച്ച ആശങ്കകളും ശക്തമാകുകയാണ്.