സൗദിക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോൺ ആക്രമണം: വിമാനത്താവളത്തിലും എണ്ണപ്പാടത്തും നാശനഷ്ടം; ഇന്ത്യക്കാരന് പരിക്ക്
ഹൂത്തികളുടെ ആക്രമണം ചെറുക്കാൻ സൗദിക്ക് പിന്തുണയുമായി ഫ്രാൻസും ബ്രിട്ടനും രംഗത്ത് വന്നിട്ടുണ്ട്.
ദുബായ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി വിമതർ നടത്തുന്ന ആക്രമണങ്ങൾ കടുക്കുന്നു. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെയും നടന്ന ആക്രമണങ്ങളിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കിംഗ് ഫഹദ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. സുരക്ഷാ ഭീഷണി മുൻനിർത്തി വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അവിടെനിന്ന് മാറാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി.
ഇതിന് തൊട്ടുപിന്നാലെയാണ് യു.എ.ഇ അതിർത്തിയോട് ചേർന്നുള്ള അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളായ രണ്ട് പ്രവാസികൾ മരണപ്പെടുകയും ഒരു വാഹനം കത്തിനശിക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. യെമനിലെ ആഭ്യന്തര സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹൂത്തികളുടെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യക്ക് പിന്തുണയുമായി ഫ്രാൻസും ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്.
Comments ()