പഴയ ദുബായിയുടെ അടയാളം മായുന്നു; ടൊയോട്ട ബിൽഡിങ് പൊളിച്ചുനീക്കും

യുഎഇ രൂപീകരിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് കെട്ടിടം നിർമിച്ചത്. ദുബായിലെ ആദ്യകാല താമസകേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഈ കെട്ടിടം നഗരത്തിന്റെ മാറ്റത്തിന്റെയും വളർച്ചയുടെയും പ്രതീകമായിരുന്നു.

പഴയ ദുബായിയുടെ അടയാളം മായുന്നു; ടൊയോട്ട ബിൽഡിങ് പൊളിച്ചുനീക്കും

ദുബായ്: ദുബായിയുടെ നഗരവളർച്ചയുടെ നിരവധി ഘട്ടങ്ങൾക്ക് സാക്ഷിയായ ശൈഖ് സായിദ് റോഡിലെ പ്രശസ്തമായ ടൊയോട്ട ബിൽഡിങ് ഇനി ഓർമയാകുന്നു. സുരക്ഷാ കാരണങ്ങളെ തുടർന്ന് 1974ൽ നിർമിച്ച കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിൽ താമസിക്കുന്നവർ ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്.

യഥാർഥത്തിൽ ‘റാഷിദ് ലൂത്താ ബിൽഡിങ്’ എന്ന പേരിലുള്ള 15 നില കെട്ടിടമാണ് ടൊയോട്ട ബിൽഡിങ് എന്ന പേരിൽ ദുബായിൽ ഏറെ പ്രശസ്തമായത്. യുഎഇ രൂപീകരിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് കെട്ടിടം നിർമിച്ചത്. ദുബായിലെ ആദ്യകാല താമസകേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഈ കെട്ടിടം നഗരത്തിന്റെ മാറ്റത്തിന്റെയും വളർച്ചയുടെയും പ്രതീകമായിരുന്നു.

1981ൽ കെട്ടിടത്തിൽ ടൊയോട്ടയുടെ ലോഗോ സ്ഥാപിച്ചതോടെയാണ് ‘ടൊയോട്ട ബിൽഡിങ്’ എന്ന പേര് കൂടുതൽ പ്രചാരത്തിലായത്. കരാർ അവസാനിച്ചതിനെ തുടർന്ന് 2018ൽ ലോഗോ നീക്കം ചെയ്തിരുന്നു. പിന്നീട് 2022ൽ വീണ്ടും സ്ഥാപിച്ചു.

ഒരുകാലത്ത് ചുറ്റും ഒഴിഞ്ഞ പ്രദേശങ്ങളായിരുന്ന ശൈഖ് സായിദ് റോഡിന്റെ പരിസരം ഇന്ന് ലോകത്തെ തന്നെ ശ്രദ്ധേയമായ നഗരമേഖലകളിലൊന്നായി മാറിയതിന് പിന്നിലെ മാറ്റങ്ങൾക്കും കെട്ടിടം സാക്ഷിയായി. ദുബായിയുടെ പഴയകാല ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന കെട്ടിടം നഗരത്തിന്റെ ചരിത്രവുമായി ചേർന്നുനിൽക്കുന്ന ഒന്നായിരുന്നു.

താമസക്കാരെ ഒഴിപ്പിച്ചതിന് പിന്നിൽ മറ്റൊരു കാരണം

സുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം കെട്ടിടത്തിലെ ചില അപ്പാർട്ട്‌മെന്റുകളിൽ അനുമതിയില്ലാതെ മുറികൾ വേർതിരിച്ച് ആളുകളെ താമസിപ്പിച്ചിരുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ചില ഫ്ലാറ്റുകളിൽ 15ഓളം പേർ വരെ താമസിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

അനധികൃതമായി മുറികൾ വിഭജിച്ച താമസക്കാർക്കെതിരെ ദുബായ് മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കെട്ടിട ഉടമയുടെയോ മാനേജ്മെന്റിന്റെയോ അനുമതിയില്ലാതെ അപ്പാർട്ട്‌മെന്റിനുള്ളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് നിയമവിരുദ്ധമാണ്.

വാടകയ്ക്ക് നൽകിയ വീടുകളിൽ ഉടമയ്ക്കോ മാനേജ്മെന്റിനോ നേരിട്ട് പ്രവേശിക്കാൻ നിയമപരമായ നിയന്ത്രണങ്ങളുള്ളതിനാൽ, ഫ്ലാറ്റിനുള്ളിൽ എത്ര പേർ താമസിക്കുന്നുവെന്നത് മുൻകൂട്ടി കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇനി കെട്ടിടം നിലനിൽക്കില്ലെങ്കിലും ദുബായ് നഗരത്തിന്റെ പഴയ മുഖത്തെയും അതിന്റെ അതിവേഗ വളർച്ചയെയും ഓർമിപ്പിക്കുന്ന പ്രധാന അടയാളങ്ങളിലൊന്നായി ടൊയോട്ട ബിൽഡിങ് ചരിത്രത്തിൽ തുടരും.