ഇ-സിഗരറ്റ് ഉപയോഗിക്കുന്നവർ ജാഗ്രതൈ: രണ്ട് തരം ക്യാൻസറുകൾക്ക് കാരണമാകാമെന്ന് കണ്ടെത്തൽ

ഇ-സിഗരറ്റുകള്‍ സാധാരണ സിഗരറ്റിനേക്കാള്‍ സുരക്ഷിതമാണെന്ന ധാരണ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

ഇ-സിഗരറ്റ് ഉപയോഗിക്കുന്നവർ ജാഗ്രതൈ: രണ്ട് തരം ക്യാൻസറുകൾക്ക് കാരണമാകാമെന്ന് കണ്ടെത്തൽ

ന്യൂഡല്‍ഹി: പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നികോട്ടിന്‍ എന്ന പദാര്‍ത്ഥമാണ് ഇതിന് അടിമപ്പെടാന്‍ പ്രധാന കാരണം. എന്നാല്‍ ഇന്ന് സാധാരണ സിഗരറ്റ് ഉപയോഗിക്കുന്നതിനെക്കാളും ഇ-സിഗരറ്റ് ഉപയോഗിക്കാനാണ് ആളുകള്‍ താല്‍പര്യപ്പെടുന്നത്. സാധാരണ സിഗരറ്റും ഇ-സിഗരറ്റും തമ്മിലുള്ള പ്രധാന വ്യത്യാസം അവ പ്രവര്‍ത്തിക്കുന്ന രീതിയിലും അടങ്ങിയിരിക്കുന്ന ഘടകങ്ങളിലുമാണ്.

പുകയില കത്തിച്ചാണ് സാധാരണ സിഗരറ്റ് ഉണ്ടാകുന്നത്. തീപ്പെട്ടി ഉപയോഗിച്ചോ ലൈറ്റര്‍ ഉപയോഗിച്ചോ പുകയില നേരിട്ട് കത്തിച്ച്, അതില്‍ നിന്നുണ്ടാകുന്ന പുക ഉള്ളിലേക്ക് എടുക്കുന്നു. എന്നാല്‍ ഇ-സിഗരറ്റില്‍ പുകയില കത്തിക്കുന്നില്ല. പകരം, ഇതിനുള്ളിലെ ഒരു ലിക്വിഡ് ബാറ്ററി ഉപയോഗിച്ച് ചൂടാക്കി ബാഷ്പം ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

സാധാരണ സിഗരറ്റില്‍ നിക്കോട്ടിന്‍, പുകയില എന്നിവയ്ക്ക് പുറമെ സിഗരറ്റ് കത്തുമ്പോള്‍ ടാര്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, കൂടാതെ ക്യാന്‍സറിന് കാരണമാകുന്ന അറുന്നൂറിലധികം മാരകമായ രാസവസ്തുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

ഇ-സിഗരറ്റില്‍ ഇതിലെ ലിക്വിഡില്‍ സാധാരണയായി നിക്കോട്ടിന്‍, പ്രൊപ്പിലീന്‍ ഗ്ലൈക്കോള്‍, ഗ്ലിസറിന്‍, കൂടാതെ വ്യത്യസ്ത തരം രുചികള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതില്‍ പുകയില നേരിട്ട് ഉപയോഗിക്കുന്നില്ല. ഇ-സിഗരറ്റുകള്‍ സാധാരണ സിഗരറ്റിനേക്കാള്‍ സുരക്ഷിതമാണെന്ന ധാരണ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇ - സിഗരറ്റിന്റെ ഉപയോഗം ശ്വാസകോശ, ഓറല്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നതായി പഠനം പറയുന്നു. ഇ-സിഗരറ്റ് ഉപയോഗം ഡിഎന്‍എയെ തകരാറിലാക്കുകയും വീക്കം ഉണ്ടാക്കുകയും ശ്വാസകോശ, വായിലെ അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് വ്യക്തമായി പറയുന്നത്.

വേപ്പ് എയറോസോളുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കോശനാശം, ഡിഎന്‍എ മ്യൂട്ടേഷനുകള്‍, വിട്ടുമാറാത്ത വീക്കം, ക്യാന്‍സര്‍ വികസനവുമായി ബന്ധപ്പെട്ട മറ്റ് മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാധാരണ സിഗരറ്റിലുള്ള നിക്കോട്ടിന്‍ തന്നെയാണ് ഇ-സിഗരറ്റിലും ഉള്ളതെന്നതിനാല്‍ പുകവലിയുടെ ദൂഷ്യങ്ങള്‍ ഇതിനുമുണ്ടാവും. പുകവലി നിര്‍ത്താനുള്ള ഉപാധിയെന്ന നിലയിലാണ് ഇ-സിഗരറ്റ് അറിയപ്പെടുന്നതെങ്കിലും അതുപോലെത്തന്നെയോ അതിനെക്കാള്‍ മാരകമോ ആണ് ഇ-സിഗരറ്റും.