എബോള ആശങ്ക:മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിൽ വിലക്ക്

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു

എബോള ആശങ്ക:മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിൽ വിലക്ക്

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ സൗദി അറേബ്യ കർശന യാത്രാനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക പ്രവേശന വിലക്കും സൗദി പൗരന്മാർക്ക് ആ രാജ്യങ്ങളിലേക്കുള്ള യാത്രക്കും വിലക്ക് ഏർപ്പെടുത്തി.

കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, മറ്റ് രാജ്യങ്ങളിൽ നിന്നാണ് യാത്ര ചെയ്യുന്നതെങ്കിലും, സൗദിയിലെത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനിടെ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ സന്ദർശനം നടത്തിയവർക്കും താമസിച്ചവർക്കും പ്രവേശനാനുമതി ലഭിക്കില്ല.

രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വൈറസ് വ്യാപന സാധ്യത പരമാവധി കുറയ്ക്കുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് പൊതുജനാരോഗ്യ അതോറിറ്റി വ്യക്തമാക്കി. ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര-അന്തർദേശീയ ഏജൻസികളുമായി സഹകരിച്ച് നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇതിനുമുമ്പ് തന്നെ രോഗബാധ റിപ്പോർട്ട് ചെയ്തിരുന്ന റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, കോംഗോ (ബ്രാസാവില്ലെ) എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കായി അതിർത്തികളിലെ ആരോഗ്യ പരിശോധനയും നിരീക്ഷണ സംവിധാനങ്ങളും സൗദി ശക്തമാക്കിയിരുന്നു. എബോള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.