ഗതാഗത വിപ്ലവത്തിന് തുടക്കം: ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ തുറക്കുന്നു

ഇത്തിഹാദ് റെയിലിനെ ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് അൽ യലായീസ് സ്റ്റേഷന്റെ ഏറ്റവും വലിയ പ്രത്യേകത

ഗതാഗത വിപ്ലവത്തിന് തുടക്കം: ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ സ്റ്റേഷൻ തുറക്കുന്നു

യുഎഇ ഗതാഗത രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ദുബായിലെ ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനായ 'അൽ യലായീസ്' സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ജുമേറ ഗോൾഫ് എസ്റ്റേറ്റിന് സമീപമാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ വർഷം ജനുവരിയിൽ തുടക്കമിട്ട അബുദാബി - ഫുജൈറ സർവീസിന് പിന്നാലെ ദുബായിലേക്കും സർവീസ് എത്തുന്നതോടെ ദേശീയ റെയിൽ ശൃംഖലയുടെ പുതിയ ഘട്ടത്തിനാണ് തുടക്കമാകുന്നത്. ഇതോടൊപ്പം സെപ്റ്റംബർ 30 മുതൽ സർവീസ് ഷാർജയിലെ അൽ ദൈദിലേക്കും വ്യാപിപ്പിക്കും. പുതിയ പാത നിലവിൽ വരുന്നതോടെ ദുബായിലെ അൽ യലായീസിൽ നിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലേക്ക് വെറും 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാൻ സാധിക്കും.

ദക്ഷിണ ദുബായിലെ പ്രമുഖ റസിഡൻഷ്യൽ, വാണിജ്യ കേന്ദ്രങ്ങളായ അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, ഗ്രീൻ കമ്മ്യൂണിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി, എക്‌സ്‌പോ സിറ്റി, ദുബായ് സൗത്ത് എന്നിവയിലെ നിവാസികൾക്ക് ഈ സ്റ്റേഷൻ വലിയ ആശ്വാസമാകും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം അരമണിക്കൂർ കൊണ്ട് എത്തിച്ചേരാം. ദുബായ് മെട്രോയുമായുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റിയാണ് ഈ സ്റ്റേഷന്റെ ഏറ്റവും വലിയ ആകർഷണം. മെട്രോ റെഡ് ലൈനിലെ ജുമേറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനുമായി ഇത്തിഹാദ് റെയിൽ സ്റ്റേഷനെ ഒരു കാൽനടപ്പാലം വഴി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് എളുപ്പത്തിൽ മാറാൻ സാധിക്കും. ഭാവിയിൽ മേദാൻ, അൽ മക്തൂം എയർപോർട്ട്, അൽ ജദ്ദാഫ് എന്നിവിടങ്ങളിലേക്ക് സ്റ്റേഷനുകൾ വ്യാപിപ്പിക്കാനും 2030-ഓടെ അബുദാബിയെയും ദുബായെയും വെറും 30 മിനിറ്റിൽ ബന്ധിപ്പിക്കുന്ന ഹൈ-സ്പീഡ് റെയിൽ യാഥാർത്ഥ്യമാക്കാനും പദ്ധതിയുണ്ട്.

യാത്രക്കാർക്കായി ആകർഷകമായ പ്രാരംഭ ടിക്കറ്റ് നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം ക്ലാസിന് 120 ദിർഹവും കംഫർട്ട് ക്ലാസിന് 55 ദിർഹവുമാണ് നിരക്ക്. രണ്ടു മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 ശതമാനവും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 20 ശതമാനവും ഇളവ് ലഭിക്കുമ്പോൾ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ടിക്കറ്റുകൾ ഇത്തിഹാദ് റെയിൽ മൊബൈൽ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ എളുപ്പത്തിൽ ബുക്ക് ചെയ്യാം.