ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കി കേന്ദ്രം

പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.

ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കി കേന്ദ്രം

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നീക്കി. ഇക്കാര്യം ഔദ്യോഗികമായി ചൂണ്ടിക്കാട്ടി കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. യുദ്ധത്തിനു മുന്‍പുള്ള സ്ഥിതി പുനസ്ഥാപിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍നിര പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ഇനി മുതല്‍ ഒരു വര്‍ഷം പരമാവധി നാല് സിലിണ്ടറുകള്‍ക്ക് മാത്രമേ സബ്സിഡി ലഭിക്കൂ എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ഈ പുതിയ നിയന്ത്രണം നിലവില്‍ വന്നത്.

പാവപ്പെട്ട കുടുംബങ്ങളിലെ സാധാരണക്കാരുടെ ശരാശരി വാര്‍ഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പുതിയ പരിഷ്‌കരണമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 2016 മേയില്‍ ആരംഭിച്ച പദ്ധതി പ്രകാരം തുടക്കത്തില്‍ പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്കാണ് സബ്സിഡി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇത് ഒന്‍പതാക്കി കുറയ്ക്കുകയും, ഇപ്പോള്‍ വീണ്ടും നാലായി ചുരുക്കുകയുമാണ് ചെയ്തിരിക്കുന്നത്.