കനത്ത മഴ,കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് താൽക്കാലിക വിലക്ക്, ബീച്ചുകളിലും നിയന്ത്രണം
വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം അടുത്ത അറിയിപ്പ് വരെയും നിരോധിച്ചിട്ടുണ്ട്. മഴ ശക്തമായതിനാൽ റാഫ്റ്റിങ്, കയാക്കിങ് ഉൾപ്പെടെയുള്ള സാഹസിക ജലവിനോദ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകർക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) പുറത്തിറക്കിയ അറിയിപ്പിലാണ് തീരുമാനം.
വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം അടുത്ത അറിയിപ്പ് വരെയും നിരോധിച്ചിട്ടുണ്ട്. മഴ ശക്തമായതിനാൽ റാഫ്റ്റിങ്, കയാക്കിങ് ഉൾപ്പെടെയുള്ള സാഹസിക ജലവിനോദ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് ബീച്ചുകളിലേക്കുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്ന് ഡിടിപിസി അഭ്യർഥിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബീച്ചുകളോട് ചേർന്നുള്ള പാർക്കുകളും പൊതുജനങ്ങൾക്കായി താൽക്കാലികമായി അടച്ചിട്ടുണ്ട്.
അതേസമയം, മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിനും നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുകയും മഴയുടെ ശക്തി കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയുള്ളുവെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അറിയിച്ചു.
Comments ()