കുതിപ്പുമായി ഇത്തിഹാദ് റെയിൽ; ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് ജനത്തിരക്ക്!

ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം യാത്രക്കാരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കിയത്.

കുതിപ്പുമായി ഇത്തിഹാദ് റെയിൽ; ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് ജനത്തിരക്ക്!

ദുബായ്: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് ബുക്കിംഗി്‌ന ആവേശോജ്ജ്വലമായ തുടക്കം. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളില്‍ അയ്യായിരത്തിലധികം യാത്രക്കാരാണ് ടിക്കറ്റുകള്‍ സ്വന്തമാക്കിയത്. ബുക്കിംഗ് തരംഗമായതോടെ യുഎഇയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സൗജന്യ മൊബൈല്‍ ആപ്ലിക്കേഷനായി 'ഇത്തിഹാദ് റെയില്‍' ആപ്പ് മാറുകയും ചെയ്തു.

ജൂണ്‍ 30-ന് ആരംഭിക്കുന്ന അബുദാബി - ഫുജൈറ ആദ്യഘട്ട സര്‍വീസിന് മുന്നോടിയായാണ് ഈ വന്‍ ജനത്തിരക്ക് അനുഭവപ്പെടുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ എമിറേറ്റുകളിലേക്ക് ട്രെയിന്‍ സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. സെപ്റ്റംബര്‍ 30 മുതല്‍ അബുദാബി, ദുബായ്, അല്‍ ദൈദ്, ഫുജൈറ എന്നിവയെ ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ ആരംഭിക്കും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ അല്‍ ദഫ്ര, ഷാര്‍ജ സ്റ്റേഷനുകളും സജീവമാകും.

യുഎഇയുടെ 'പ്രൊജക്ട്‌സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി പാസഞ്ചര്‍ റെയില്‍ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം തികയും മുന്‍പാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. യാത്രക്കാര്‍ക്ക് ഇത്തിഹാദ് റെയില്‍ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ വാങ്ങാനും സീറ്റുകള്‍ തിരഞ്ഞെടുക്കാനും ബുക്കിംഗുകള്‍ നിയന്ത്രിക്കാനും സാധിക്കും.