നേപ്പാളിൽ വർഗീയ സംഘർഷം രൂക്ഷം; മൂന്ന് മരണം, നിരവധി ജില്ലകളിൽ കർഫ്യൂ തുടരും
ഇന്ത്യൻ അതിർത്തിയോട് ചേർന്ന സുൻസരി ജില്ലയിലെ ഒരു മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിച്ചതും മതപതാകകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് തുടക്കമായത്. പിന്നീട് സംഘർഷം സമീപ ജില്ലകളിലേക്കും വ്യാപിച്ച് കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
കാഠ്മണ്ഡു: ദക്ഷിണ നേപ്പാളിൽ വർഗീയ സംഘർഷം രൂക്ഷമായതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. വിവിധ ജില്ലകളിലുണ്ടായ അക്രമസംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. സംഘർഷം വ്യാപിച്ചതിനെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ കർഫ്യൂയും നിരോധനാജ്ഞയും ദീർഘിപ്പിച്ചു.
ഇന്ത്യൻ അതിർത്തിയോട് ചേർന്ന സുൻസരി ജില്ലയിലെ ഒരു മതപരമായ ചടങ്ങിനിടെ ഉച്ചഭാഷിണി ഉപയോഗിച്ചതും മതപതാകകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് തുടക്കമായത്. പിന്നീട് സംഘർഷം സമീപ ജില്ലകളിലേക്കും വ്യാപിച്ച് കൂടുതൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സുൻസരിക്ക് പുറമെ സിറാഹ, ധനുഷ, ബീർഗഞ്ച് ഉൾപ്പെടെയുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നതിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്നും രാജ്യത്ത് സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിക്കരുതെന്ന് സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രി സംഘർഷബാധിത മേഖലകൾ സന്ദർശിക്കുമെന്നും, സാഹചര്യം ശാന്തമാക്കുന്നതിനായി കാഠ്മണ്ഡുവിൽ സർവകക്ഷി യോഗം വിളിച്ചുചേരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Comments ()