'ഹോപ്പ് അമൽ' ഉയർത്തിയ പ്രത്യാശ; കുഞ്ഞ് അയാന്റെ ചികിത്സയ്ക്കായി ദുബായിൽ നിന്ന് സമാഹരിച്ചത് 405,000 ദിർഹം
രക്താര്‍ബുദം ബാധിച്ച കുഞ്ഞ് അയാന്‍ ജനിച്ചത് മുതല്‍ ജീവിതത്തോട് പോരാടുകയാണ്
രണ്ട് വയസ്സുകാരനായ അയാൻ എന്ന കുഞ്ഞിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി തണലൊരുക്കി ദുബായ് ജനത. സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ വെറും ഒരാഴ്ച കൊണ്ടാണ് 405,000 ദിർഹം (ഏകദേശം 1.05 കോടി രൂപ) കുഞ്ഞിന്റെ ചികിത്സയ്ക്കായി സമാഹരിച്ചത്. സെപ്റ്റംബർ 10-ന് 'ഹോപ്പ് അമൽ' എന്ന ഇൻസ്റ്റാഗ്രാം പേജിൽ അയാന്റെ രോഗവിവരം പങ്കുവെച്ചതിനെ തുടർന്ന്, വെറും മൂന്ന് ദിവസത്തിനുള്ളിൽ 390,000 ദിർഹവും ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ തുകയും ലഭിക്കുകയായിരുന്നു. ശേഖരിച്ച തുക നേരിട്ട് അയാൻ ചികിത്സയിലുള്ള ആശുപത്രിയിലേക്ക് കൈമാറുകയും ചെയ്തു.
ജനനം മുതൽ രക്താർബുദത്തോട് പോരാടുന്ന അയാൻ, പാകിസ്താൻ സ്വദേശിയായ ബഷീർ അഹമ്മദിന്റെയും ഇന്തോനേഷ്യൻ സ്വദേശിയായ റഹ്‌മാവകി ബിൻ കർത്തയുടെയും മകനാണ്. ഒരു റെന്റൽ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന ബഷീറിന് പ്രതിമാസം 5,000 ദിർഹത്തിൽ താഴെ മാത്രമാണ് വരുമാനം. മകന്റെ ചികിത്സയ്ക്കായി പാകിസ്താനിലെ കുടുംബവീട് വിറ്റ ഇദ്ദേഹം, കൂടുതൽ തുക കണ്ടെത്താനായി നിലവിൽ അധികസമയവും ജോലി ചെയ്തുവരികയാണ്.
ദുബായിലെ ഏവിയേഷൻ കമ്പനി മേധാവിയായ അബ്ബീ ആറ് വർഷങ്ങൾക്ക് മുൻപ് തുടക്കമിട്ട സന്നദ്ധ സംഘടനയാണ് 'ഹോപ്പ് അമൽ'. യു.എ.ഇയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്ന ഈ കൂട്ടായ്മയിലൂടെ ഇതുവരെ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഹോപ്പ് അമലിലെ വോളണ്ടിയർ വഴിയാണ് അയാന്റെ അവസ്ഥ അബ്ബീ അറിയുന്നത്. 100 ദിർഹം മുതൽ 1,000 ദിർഹം വരെ നൽകി ഒട്ടേറെപ്പേർ ഇതിൽ പങ്കാളികളായെങ്കിലും, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ ഒറ്റയ്ക്ക് 2,02,530 ദിർഹം സംഭാവന നൽകിയത് തുക വേഗത്തിൽ സമാഹരിക്കാൻ നിർണ്ണായകമായി. "വേഷം മാറി വന്ന ഒരു മാലാഖയെപ്പോലെ തോന്നിച്ച ആ വ്യക്തിയാണ് ഇത്ര വേഗത്തിൽ ലക്ഷ്യം കാണാൻ സഹായിച്ചത്" എന്ന് അബ്ബീ നന്ദിയോടെ ഓർക്കുന്നു.
നിലവിൽ അൽ ജാലിയ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലുള്ള അയാന്, ശരീരത്തിൽ പുതിയ ഒരു മുഴ കണ്ടെത്തിയതിനെ തുടർന്ന് കീമോതെറാപ്പി നൽകിവരികയാണ്. ഇതിനുശേഷം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കുഞ്ഞിനെ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റും.
Comments ()