ഇത്തിഹാദ് റെയിൽ യാത്രാ സേവനം സജ്ജം; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ജൂൺ 30 മുതൽ അബുദാബി–ഫുജൈറ റൂട്ടിലെ ആദ്യ ട്രെയിൻ സർവീസ് പൊതുജനങ്ങൾക്ക് ആരംഭിക്കും. ഈ റൂട്ടിൽ ദിവസേന മൂന്ന് നേരിട്ടുള്ള സർവീസുകളാണ് പ്രവർത്തിക്കുക

ഇത്തിഹാദ് റെയിൽ യാത്രാ സേവനം സജ്ജം; ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
Etihad Rail

അബുദാബി: യുഎഇയിൽ ഇത്തിഹാദ് റെയിലിന്റെ യാത്രാ സേവനങ്ങൾക്കായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരെ ആകർഷിക്കുന്നതിനായി ഉദ്ഘാടന ദിനത്തിൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ജൂൺ 30 മുതൽ അബുദാബി–ഫുജൈറ റൂട്ടിലെ ആദ്യ ട്രെയിൻ സർവീസ് പൊതുജനങ്ങൾക്ക് ആരംഭിക്കും.

ഈ റൂട്ടിൽ ദിവസേന മൂന്ന് നേരിട്ടുള്ള സർവീസുകളാണ് പ്രവർത്തിക്കുക. ഇളവോടെ കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 55 ദിർഹത്തിനും പ്രീമിയം ക്ലാസ് ടിക്കറ്റുകൾ 120 ദിർഹത്തിനും ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീറ്റുകൾ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.

അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് രാവിലെ 8.19, ഉച്ചയ്ക്ക് 1.53, വൈകുന്നേരം 6.39 എന്നിങ്ങനെയാണ് പുറപ്പെടൽ സമയങ്ങൾ. ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിൽ നിന്ന് തിരിച്ചുള്ള സർവീസുകൾ രാവിലെ 5.34, 10.59, വൈകുന്നേരം 5.28 സമയങ്ങളിൽ നടത്തപ്പെടും. യാത്രക്കാർക്ക് സൗജന്യ വൈഫൈ, സുഖകരമായ സീറ്റുകൾ, കഫേ സേവനങ്ങൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.