ഇത്തിഹാദ് റെയിലിൽ ഇനി നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കും യാത്ര ചെയ്യാം; നിബന്ധനകൾ അറിയാം

വളര്‍ത്തുമൃഗങ്ങളെ അംഗീകൃത പെറ്റ് കാരിയറുകളിലാക്കി വേണം യാത്ര ചെയ്യാന്‍.

ഇത്തിഹാദ് റെയിലിൽ ഇനി നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കും യാത്ര ചെയ്യാം; നിബന്ധനകൾ അറിയാം

ദുബായ്: യുഎഇയില്‍ ചരിത്രനേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ഇത്തിഹാദ് റെയില്‍വേ, ഇതിനോടകം തന്നെ നിരവധി യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രാമാര്‍ഗ്ഗമായി മാറിക്കഴിഞ്ഞു. ട്രെയിന്‍ യാത്ര ആസ്വദിച്ച പലരും തങ്ങളുടെ മികച്ച യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്നുമുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി, ഇനി മുതല്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയും യാത്രയില്‍ ഒപ്പം കൂട്ടാന്‍ ഇത്തിഹാദ് റെയില്‍ അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനായി ഇത്തിഹാദ് റെയില്‍വേ അധികൃതര്‍ മുന്നോട്ടുവെക്കുന്ന കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും യാത്രക്കാര്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.

ഇതിനായുള്ള പ്രധാന നിബന്ധനകള്‍ താഴെ പറയുന്നവയാണ്:

പെറ്റ് കാരിയറിന്റെ അളവ്: വളര്‍ത്തുമൃഗങ്ങളെ അംഗീകൃത പെറ്റ് കാരിയറുകളിലാക്കി വേണം യാത്ര ചെയ്യാന്‍. കാരിയറിന്റെ വലിപ്പം 55 സെ.മീ ഃ 40 സെ.മീ ഃ 23 സെ.മീ എന്ന അളവില്‍ കൂടാന്‍ പാടില്ല.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: യാത്രയിലുടനീളം ഈ പെറ്റ് കാരിയര്‍ യാത്രക്കാരന്റെ ഒപ്പം തന്നെ ഉണ്ടായിരിക്കണം. ഒരു കാരണവശാലും മൃഗങ്ങളെ കാരിയറിന് പുറത്തേക്ക് തുറന്നുവിടാന്‍ അനുവദിക്കില്ല.

ലഗേജ് പരിധി: പെറ്റ് കാരിയറിനെ യാത്രക്കാരുടെ കൈ ലഗേജിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. അതിനാല്‍, പെറ്റ് കാരിയര്‍ കൈവശമുള്ള ഒരാള്‍ക്ക് മറ്റ് ക്യാരി-ഓണ്‍ ലഗേജുകള്‍ ഒപ്പം കരുതാന്‍ സാധിക്കില്ല. കൂടാതെ, ഒരു യാത്രക്കാരന് ഒരു പെറ്റ് കാരിയര്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

നിയന്ത്രണവും സുരക്ഷയും: യാത്രയിലുടനീളം വളര്‍ത്തുമൃഗങ്ങള്‍ പൂര്‍ണ്ണമായും ഉടമസ്ഥന്റെ നിയന്ത്രണത്തിലായിരിക്കണം.

ഗൈഡ് ഡോഗുകള്‍: പ്രത്യേക പരിശീലനം ലഭിച്ചതും സര്‍ട്ടിഫൈഡ് ആയതുമായ നായകളെ മുന്‍കൂര്‍ അനുമതിയോടെ യാത്രയില്‍ ഒപ്പം കൂട്ടാവുന്നതാണ്. അതേസമയം, ഇത്തിഹാദ് റെയിലില്‍ കൊണ്ടുപോകാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. ആയുധങ്ങള്‍, സ്ഫോടന വസ്തുക്കള്‍, അപകടരമായ വസ്തുക്കള്‍, നിയമവിരുദ്ധ ലഹരി വസ്തുക്കള്‍, ലഹരിപാനീയങ്ങള്‍, ഇലക്ട്രിക് സിഗരറ്റുകള്‍ തുടങ്ങിയവ ഇത്തിഹാദ് റെയിലില്‍ അനുവദനീയമല്ല. അതുപോലെ, സൈക്കിളുകളും സ്‌കൂട്ടറുകളും ഇത്തിഹാദ് റെയിലില്‍ കൊണ്ടുപോകരുത്.