വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചു; ലെബനീസ് യുവതി കുവൈത്തിൽ പിടിയിൽ, നാടുകടത്തും
റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് യുവതിയെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി.
കുവൈറ്റ്: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ ശ്രമിച്ച ലെബനീസ് യുവതിയെ കുവൈത്തില്‍ നിന്ന് നാടുകടത്താന്‍ നടപടി ആരംഭിച്ചു. റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷയ്‌ക്കൊപ്പം യുവതി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ഇവര്‍ മുന്‍പ് നല്‍കിയ വിദ്യാഭ്യാസ യോഗ്യതാ രേഖകളും തൊഴില്‍ പദവി മാറ്റങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച യുവതി, തനിക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ബിരുദ യോഗ്യത ഇല്ലാത്തതിനാലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നും വെളിപ്പെടുത്തി. നിയമലംഘനം നടത്തിയ യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയ ഇവരെ ഉടന്‍ തിരിച്ചയക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തു.
Comments ()