കേരളത്തിൽ പനി വ്യാപനം തുടരുന്നു; ഇൻഫ്ലുവൻസ കേസുകളും കുതിക്കുന്നു

ഇൻഫ്ലുവൻസ ബാധയെ തുടർന്ന് ഈ മാസം ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സ്കൂൾ വിദ്യാർഥികൾക്കിടയിലും പനി കേസുകൾ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു

കേരളത്തിൽ പനി വ്യാപനം തുടരുന്നു; ഇൻഫ്ലുവൻസ  കേസുകളും കുതിക്കുന്നു

തിരുവനന്തപുരം: മഴ കുറഞ്ഞിട്ടും കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. സംസ്ഥാനത്ത് പ്രതിദിനം പനി ചികിത്സ തേടുന്നവരുടെ എണ്ണം 10,000 കടന്നതായാണ് കണക്ക്. ഇതിന് പിന്നാലെ ഇൻഫ്ലുവൻസ കേസുകളിലും വർധന രേഖപ്പെടുത്തി. ചൊവ്വാഴ്ച മാത്രം 147 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചതോടെ ഈ മാസം ഇതുവരെ രോഗബാധിതരുടെ എണ്ണം 1,014 ആയി.

ഇൻഫ്ലുവൻസ ബാധയെ തുടർന്ന് ഈ മാസം ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സ്കൂൾ വിദ്യാർഥികൾക്കിടയിലും പനി കേസുകൾ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. മഴ മാറിയ സാഹചര്യത്തിലും രോഗവ്യാപനത്തിൽ കുറവുണ്ടാകാത്തത് ആരോഗ്യ മേഖലയിലും ആശങ്ക ഉയർത്തുന്നുണ്ട്.

പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് നിലവിൽ കൂടുതൽ പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള വൈറൽ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ളവർ ജാഗ്രത പാലിക്കണമെന്ന നിർദേശവും ആരോഗ്യപ്രവർത്തകർ നൽകുന്നുണ്ട്.