നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വ്യാപക നാശം; ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു, ഇന്ത്യ സഹായമെത്തിക്കും

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽ മരണം 16 ആയി ഉയർന്നതിനൊപ്പം 384 പേരെ കാണാതാവുകയും ചെയ്തു

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വ്യാപക നാശം; ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു, ഇന്ത്യ സഹായമെത്തിക്കും

നേപ്പാളിൽ ചൈനീസ് അതിർത്തി മേഖലയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തു. പ്രളയത്തിൽ മരണം 16 ആയി ഉയർന്നപ്പോൾ 105 ഇന്ത്യക്കാരും 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടെ 384 പേരെ കാണാതായിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി ബന്ധപ്പെടാൻ നിലവിൽ നേപ്പാൾ ടൂറിസം ബോർഡിന് സാധിച്ചിട്ടില്ല.

അതേസമയം, അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും അടിയന്തര സഹായങ്ങൾക്കുമായി നേപ്പാളിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ (+977 985 131 6807, +977 970 910 7500) സജ്ജമാക്കിയിട്ടുണ്ട്.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ചൈനീസ് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിരവധിയായ ഗ്രാമങ്ങളും വിപണികളും ജലസേചന പദ്ധതികളും പ്രളയജലത്തിൽ ഒലിച്ചുപോയി. റോഡുകളും പാലങ്ങളും തകർന്നതിനെ തുടർന്ന് ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. കൂടാതെ, മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത നിലയങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുരന്തമേഖലകളിൽ നേപ്പാൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.