‘തലയ്ക്ക് പിന്നിൽ ശക്തമായ അടിയേറ്റു’, ഫ്ലൈദുബായ് വിമാനത്തിൽ നടന്നത് ഞെട്ടിക്കുന്ന ആക്രമണം; കോക്ക്പിറ്റിലെ സംഭവങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കോക്ക്പിറ്റിൽ സൂക്ഷിച്ചിരുന്ന ചെറിയ മഴു ഉപയോഗിച്ചായിരുന്നു ആക്രമണം. ആദ്യത്തെ പ്രഹരത്തിൽ തന്നെ കാഴ്ച മങ്ങാൻ തുടങ്ങിയെന്നും അതേസമയം വിമാനം താഴേക്ക് പതിക്കുന്നതായി അനുഭവപ്പെട്ടെന്നും മച്ചാർ വ്യക്തമാക്കി
ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ അതിജീവിച്ച് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ നിർണായക ഇടപെടൽ നടത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാർ, കോക്ക്പിറ്റിൽ നടന്ന സംഭവങ്ങളുടെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്തുവിട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ആക്രമണത്തിന്റെയും തുടർന്ന് നടന്ന സംഭവങ്ങളുടെയും വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
വിമാനം സാധാരണ നിലയിൽ ദുബായിൽനിന്ന് സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. പറന്നുയർന്നതിന് ശേഷം സഹപൈലറ്റ് പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അസാധാരണമായി തോന്നാത്തതിനാൽ മച്ചാർ മുന്നിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. എന്നാൽ നാലോ അഞ്ചോ മിനിറ്റുകൾക്കുശേഷം പെട്ടെന്ന് തലയ്ക്ക് പിന്നിൽ ശക്തമായ പ്രഹരമേറ്റു. വിമാനത്തിൽ എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായെന്നാണ് ആദ്യം കരുതിയത്. തുടർച്ചയായ ആക്രമണത്തോടെയാണ് പ്രശ്നം വിമാനത്തിനല്ലെന്നും തനിക്കൊപ്പമുണ്ടായിരുന്ന സഹപൈലറ്റാണെന്നും മനസിലാക്കിയതെന്ന് മച്ചാർ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കോക്ക്പിറ്റിൽ സൂക്ഷിച്ചിരുന്ന ചെറിയ മഴു ഉപയോഗിച്ചായിരുന്നു ആക്രമണം. ആദ്യത്തെ പ്രഹരത്തിൽ തന്നെ കാഴ്ച മങ്ങാൻ തുടങ്ങിയെന്നും അതേസമയം വിമാനം താഴേക്ക് പതിക്കുന്നതായി അനുഭവപ്പെട്ടെന്നും മച്ചാർ വ്യക്തമാക്കി. ആക്രമണത്തിനിടെ നടന്ന പല കാര്യങ്ങളും ഇപ്പോഴും വ്യക്തമായി ഓർമയില്ലെന്നും ഓർമകൾ ചിതറിയ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സഹപൈലറ്റ് അത് വീണ്ടും അടച്ചതായും അദ്ദേഹം ഓർത്തെടുത്തു.
നിലത്തുവീണുകിടക്കുന്നതിനിടെ വിമാനം താഴേക്ക് പോകുന്നതും യാത്രക്കാരുടെ നിലവിളികളും കേട്ടതായി മച്ചാർ പറഞ്ഞു. ആ ഘട്ടത്തിൽ അവസാനമായി ഒരു ശ്രമം കൂടി നടത്തണമെന്ന് തീരുമാനിച്ചു. ജീവൻ രക്ഷിക്കാനും വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടിയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷിച്ച മുഴുവൻ ശക്തിയും ഉപയോഗിച്ച് കോക്ക്പിറ്റിന്റെ വാതിലിലേക്ക് എത്തി അത് തുറക്കാൻ സാധിച്ചു. പുറത്ത് കാത്തുനിന്നിരുന്ന യാത്രക്കാർ ഉടൻ ഇടപെട്ട് ആക്രമണകാരിയെ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവം നടന്നത് കഴിഞ്ഞ ബുധനാഴ്ച ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലായിരുന്നു. സഹപൈലറ്റിന്റെ ആക്രമണത്തെ മച്ചാർ ചെറുത്തുനിന്നതോടെ വലിയൊരു വിമാനദുരന്തമാണ് ഒഴിവായത്. കോക്ക്പിറ്റിൽ പ്രവേശിച്ച യാത്രക്കാർക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന അവധിയിലായിരുന്ന രണ്ട് പൈലറ്റുമാരും പിന്നീട് നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാർ നിലവിൽ യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായ് കിരീടാവകാശി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണിൽ ബന്ധപ്പെട്ട് മച്ചാറിനെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തെ വിളിച്ച് ധീരമായ ഇടപെടലിനെ പ്രശംസിച്ചത്.
അതേസമയം, വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ പൗരനായ ഹമാം അൽ ഹമാമിയാണെന്ന് യുഎഇ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ ഭീകരാക്രമണശ്രമമായാണ് കാണുന്നതെന്ന് യുഎഇ അറ്റോർണി ജനറൽ ഹമാദ് സൈഫ് അൽ ഷംസി പ്രതികരിച്ചു. ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം സ്വന്തമാക്കുകയായിരുന്നു സഹപൈലറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട യുഎഇ അന്വേഷണം തുടരുകയാണ്.
Comments ()