എഐ സൗന്ദര്യത്തിൽ മയങ്ങി പ്രണയം, വീഡിയോ കോൾ വഴി വിവാഹം; നേരിട്ടുകണ്ടപ്പോൾ ഞെട്ടി പാക് മുൻ മന്ത്രി!
2026 ഫെബ്രുവരി 23-ന് വീഡിയോ കോൾ വഴിയായിരുന്നു ഇവരുടെ വിവാഹം
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രണയത്തിനൊടുവിൽ വീഡിയോ കോളിലൂടെ വിവാഹിതനായ താൻ എഐ (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച വ്യാജ ചിത്രങ്ങൾ കണ്ട് വഞ്ചിക്കപ്പെട്ടെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ മന്ത്രി രംഗത്ത്. സിന്ധ് പ്രവിശ്യയിലെ മുൻ മന്ത്രിയായ ഗുലാം റസൂൽ ഉനർ ആണ് തന്റെ മുൻഭാര്യ റസിയ അർബാബിനെതിരെ നിയമനടപടിയുമായി കറാച്ചിയിലെ സെഷൻസ് കോടതിയെ സമീപിച്ചത്.
ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജിയിൽ, റസിയ എഐ ചിത്രങ്ങൾ കാണിച്ച് വിശ്വസിപ്പിച്ചാണ് ഗുലാം റസൂലിനെ ഈ ബന്ധത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. ഹർജി പരിഗണിച്ച കോടതി കറാച്ചി ഡിഫൻസ് എസ്.എച്ച്.ഒ, പോലീസ് പരാതി പരിഹാര സെൽ എസ്.പി എന്നിവർക്ക് നോട്ടീസ് അയക്കുകയും ഓഗസ്റ്റ് 17-നകം റിപ്പോർട്ട് നൽകാൻ ഉത്തരവിടുകയും ചെയ്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയോട് വീഡിയോ കോളുകൾക്കിടയിൽ നേരിട്ട് മുഖം കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴൊക്കെ എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളാണ് ഇവർ നൽകിയിരുന്നത്. തുടർന്ന് 2026 ഫെബ്രുവരി 23-ന് വീഡിയോ കോളിലൂടെ നടന്ന് വിവാഹസമയത്തും യുവതി നിഖാബ് ധരിച്ചിരുന്നതിനാൽ യഥാർത്ഥ മുഖം വ്യക്തമായിരുന്നില്ല.
വിവാഹശേഷം നേരിൽ കണ്ടപ്പോഴാണ് താൻ ചിത്രങ്ങളിൽ കണ്ട വ്യക്തിയല്ല ഇതെന്ന് ഗുലാം റസൂൽ തിരിച്ചറിയുന്നതും ഇരുവരും അകലുന്നതും. ഇതിനിടയിൽ മുൻ എം.പി.എ കൂടിയായ ഗുലാം റസൂൽ മരണപ്പെട്ടതായി സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്താനും യുവതി മുതിർന്നു. ഓഗസ്റ്റ് 2-ന് ഇവരെ വിവാഹമോചനം ചെയ്തെങ്കിലും, തുടര്‍ന്ന് കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് യുവതി ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലും മുൻ മന്ത്രി പരാതി നൽകിയിട്ടുണ്ട്.
Comments ()