സിറിയൻ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റങ്ങളിൽ കോടതിയുടെ കടുത്ത നടപടി
2011ൽ ആരംഭിച്ച പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനിടെ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ട സംഭവങ്ങളിലും ഭരണകൂട സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിലും അസദിന് ഉത്തരവാദിത്വമുണ്ടെന്ന് കോടതി വിലയിരുത്തി
ദമാസ്കസ്: സിറിയയുടെ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ. യുദ്ധകാലത്ത് നടന്ന കൊലപാതകങ്ങൾ, പീഡനം, അനധികൃത തടങ്കൽ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് കോടതി അസദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ദമാസ്കസിലെ ക്രിമിനൽ കോടതിയാണ് അസദിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി ശിക്ഷ വിധിച്ചത്.
2011ൽ ആരംഭിച്ച പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനിടെ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ കൊല്ലപ്പെട്ട സംഭവങ്ങളിലും ഭരണകൂട സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിലും അസദിന് ഉത്തരവാദിത്വമുണ്ടെന്ന് കോടതി വിലയിരുത്തി.
അസദിന്റെ അസാന്നിധ്യത്തിലാണ് വിചാരണയും വിധിയും നടന്നത്. റഷ്യയിൽ കഴിയുന്ന അസദിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാതെയാണ് നടപടികൾ പൂർത്തിയാക്കിയത്. അസദിന്റെ സഹോദരൻ മഹർ അൽ അസദിനും മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ അതീഫ് നജീബിനും കേസിൽ വധശിക്ഷ വിധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2011ൽ ആരംഭിച്ച സിറിയൻ പ്രക്ഷോഭം പിന്നീട് വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഈ കാലയളവിൽ ഭരണകൂടത്തിനെതിരെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളും വ്യാപകമായ അക്രമങ്ങളും നടന്നതായി വിവിധ അന്വേഷണങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏകദേശം കാൽ നൂറ്റാണ്ട് സിറിയ ഭരിച്ച അസദിന്റെ ഭരണത്തിന് 2024 ഡിസംബറിലാണ് അന്ത്യം കുറിച്ചത്. വിമത സേന ദമാസ്കസിൽ പ്രവേശിച്ചതിന് പിന്നാലെ അസദ് രാജ്യം വിട്ട് കുടുംബത്തോടൊപ്പം റഷ്യയിലെത്തുകയായിരുന്നു. നിലവിൽ റഷ്യയിൽ തുടരുന്നതിനാൽ ദമാസ്കസ് കോടതി പുറപ്പെടുവിച്ച വധശിക്ഷ ഉടൻ നടപ്പാക്കാൻ സാധിക്കില്ല.
സിറിയയിലെ മുൻ ഭരണകൂടത്തിനെതിരായ നിയമനടപടികളിൽ നിർണായകമായ വഴിത്തിരിവായാണ് ഈ വിധിയെ വിലയിരുത്തുന്നത്. അസദിനെതിരായ കേസിൽ ഇതാദ്യമായാണ് സിറിയൻ കോടതിയിൽ കുറ്റക്കാരനെന്ന വിധി വരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
Comments ()