ഒരു മാസത്തിനിടെ ദില്ലിയിൽ രണ്ടാമത്തെ കെട്ടിട ദുരന്തം; നാലുനില കെട്ടിടം തകർന്നുവീണു, നിരവധി പേർ കുടുങ്ങിയതായി സംശയം

ഉച്ചയ്ക്ക് 3.30ഓടെയാണ് കെട്ടിടം പൂർണമായി തകർന്നുവീണത്. വിവരമറിഞ്ഞെത്തിയ ദില്ലി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചിലരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു

ഒരു മാസത്തിനിടെ ദില്ലിയിൽ രണ്ടാമത്തെ കെട്ടിട ദുരന്തം; നാലുനില കെട്ടിടം തകർന്നുവീണു, നിരവധി പേർ കുടുങ്ങിയതായി സംശയം

ദില്ലി: തലസ്ഥാനത്ത് വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദി മേഖലയിലാണ് നാലുനില കെട്ടിടം തകർന്നത്. അപകടത്തിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നതിനാൽ വ്യാപകമായ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉച്ചയ്ക്ക് 3.30ഓടെയാണ് കെട്ടിടം പൂർണമായി തകർന്നുവീണത്. വിവരമറിഞ്ഞെത്തിയ ദില്ലി ഫയർ സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചിലരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മൂന്ന് മുതൽ നാല് പേർ വരെ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

225 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് തകർന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് തടസ്സമാകാതിരിക്കാൻ പ്രദേശത്തേക്ക് ആളുകൾ എത്തുന്നത് ഒഴിവാക്കണമെന്ന് ദില്ലി പൊലീസ് അഭ്യർഥിച്ചു. ആംബുലൻസുകളും രക്ഷാപ്രവർത്തന വാഹനങ്ങളും സുഗമമായി എത്തേണ്ടതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ കെട്ടിടം തകർന്നതിന്റെ യഥാർഥ കാരണം ഔദ്യോഗിക പരിശോധന പൂർത്തിയായ ശേഷമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

ദില്ലിയിൽ തന്നെ ഒരു മാസത്തിനിടെ കെട്ടിടം തകർന്നുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതനിൽ സെപ്റ്റംബർ ആറിന് അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചിരുന്നു. അപകടത്തിന് പത്ത് ദിവസം മുമ്പ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ കെട്ടിടത്തിന്റെ ഘടനയെ ബാധിച്ചതായാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ കെട്ടിട ഉടമ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.