'100% ശുദ്ധം' പരസ്യവാദങ്ങൾക്കെതിരെ നടപടി; ഡാബറിന് എഫ്എസ്എസ്എഐയുടെ കർശന നിർദേശം
തേൻ, പശുവിൻ നെയ്യ്, ആപ്പിൾ സൈഡർ വിനാഗിരി, നാളികേരപ്പാൽ, വെളിച്ചെണ്ണ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിലാണ് ശാസ്ത്രീയമായി തെളിയിക്കാത്ത '100%' അവകാശവാദങ്ങൾ ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയത്
ന്യൂഡൽഹി: '100% ശുദ്ധം', '100% പ്രകൃതിദത്തം', '100% ഓർഗാനിക്' തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിച്ച് വിപണനം നടത്തിയ ഡാബർ ഇന്ത്യയുടെ വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും അവസാനിപ്പിക്കണമെന്ന് കമ്പനിയോട് നിർദേശിച്ചിട്ടുണ്ട്.
തേൻ, പശുവിൻ നെയ്യ്, ആപ്പിൾ സൈഡർ വിനാഗിരി, നാളികേരപ്പാൽ, വെളിച്ചെണ്ണ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിലാണ് ശാസ്ത്രീയമായി തെളിയിക്കാത്ത '100%' അവകാശവാദങ്ങൾ ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയത്. നിലവിലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പ്രകാരം ഇത്തരം പരസ്യവാചകങ്ങൾ അംഗീകരിക്കാനാകില്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.
ചില ഉൽപ്പന്നങ്ങളിൽ ആവശ്യമായ അംഗീകാരമില്ലാതെ 'ജൈവിക് ഭാരത്' ലോഗോ ഉപയോഗിച്ചതായും, മിശ്രിത ഭക്ഷ്യവസ്തുക്കളിൽ നിയമം അനുവദിക്കാത്ത തരത്തിലുള്ള ശുദ്ധതാ അവകാശവാദങ്ങൾ രേഖപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി.
ഇത്തരം പരസ്യങ്ങൾ തിരുത്തണമെന്ന് മുമ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും കമ്പനി ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ വിലയിരുത്തൽ. ഇതോടെയാണ് ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവയ്ക്കാനും 15 ദിവസത്തിനകം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും കമ്പനിയോട് നിർദേശിച്ചത്.
അതേസമയം, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും, ചൂണ്ടിക്കാട്ടിയ ഉൽപ്പന്നങ്ങളുടെയും വെബ്സൈറ്റിലെ വിവരങ്ങളുടെയും പരിശോധന പുരോഗമിക്കുകയാണെന്നും ഡാബർ ഔദ്യോഗികമായി പ്രതികരിച്ചു.
Comments ()