ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, കല്യാണം കഴിച്ച് കോഴിക്കോട്ട് താമസം; മാല മോഷണക്കേസ് പ്രതി 22 വർഷത്തിന് ശേഷം വലയിൽ
ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിനു ശേഷം റെയിൽവേ പൊലീസ് പിടികൂടി.
ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല കവർന്ന കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിളവീട്ടിൽ എ. സഫീറിനെയാണ് (43) ആലപ്പുഴ റെയിൽവേ പൊലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്.
2004 ജൂൺ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈ എഗ്മൂർ എക്സ്പ്രസിൽ ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയുടെ 25 ഗ്രാം തൂക്കം വരുന്ന സ്വർണമാല സഫീറും സംഘവും ചേർന്ന് കവരുകയായിരുന്നു. മോഷണത്തിന് ശേഷം അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെട്ട മൂന്ന് പ്രതികളെയും അന്ന് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു.
തുടർന്ന് കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കവെ, മൂന്നാം പ്രതിയായ സഫീർ വിദേശത്തേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇയാൾ കോഴിക്കോട് വിവാഹം കഴിച്ച് അവിടെ താമസിച്ചു വരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഒരു ആഴ്ചയായി റെയിൽവേ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ കോഴിക്കോട്ടു നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ്.എച്ച്.ഒ കെ.ബി. ജോയ് കുമാറിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ ഷാജഹാൻ, ജി.എസ്.സി.പി.ഒ എസ്. പ്രജിത്ത്, സി.പി.ഒ കെ. വൈ. മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
Comments ()