സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തുമോ?, വിലയിൽ വീണ്ടും വൻ ഇടിവ്, സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ

കഴിഞ്ഞ ദിവസം ഗ്രാമിന് 200 രൂപയുടെ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വർണവില വീണ്ടും താഴേക്ക് പോയത്. ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 7,000 രൂപയുടെ കുറവുണ്ടായതായാണ് കണക്കുകൾ

സ്വർണം ഒരു ലക്ഷത്തിന് താഴെയെത്തുമോ?, വിലയിൽ വീണ്ടും വൻ ഇടിവ്, സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞതോടെ വില 1,00,320 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയായി. സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവുകളിലൊന്നാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗ്രാമിന് 200 രൂപയുടെ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വർണവില വീണ്ടും താഴേക്ക് പോയത്. ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 7,000 രൂപയുടെ കുറവുണ്ടായതായാണ് കണക്കുകൾ. നിലവിലെ ഇടിവ് തുടരുകയാണെങ്കിൽ പവൻ വില വൈകാതെ ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാധ്യതയും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. യുഎസിൽ പണപ്പെരുപ്പം ഉയർന്നതോടെ അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമായിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായി രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില താഴ്ന്നു. യുഎസ് ഡോളർ സൂചികയിലും ട്രഷറി ബോണ്ട് യീൽഡിലും ഉണ്ടായ വർധനയും സ്വർണത്തിന് തിരിച്ചടിയായി. അതേസമയം, എണ്ണവില ബാരലിന് 100 ഡോളറിന് താഴെയാണ് തുടരുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില. ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്. റെക്കോർഡ് ഉയരത്തിൽ നിന്ന് വലിയ തോതിൽ താഴേക്കിറങ്ങുന്ന സ്വർണവിലയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് വിപണി.