നവീൻ ബാബുവിന്റെ കുടുംബത്തിന് നൽകിയ വാക്ക് പാലിച്ച് സർക്കാർ; മകൾക്ക് ജോലി, നിയമന ഉത്തരവ് നൽകി മുഖ്യമന്ത്രി
നവീൻ ബാബുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മകൾക്ക് സർക്കാർ സർവീസിൽ അവസരം ലഭിച്ചത്.
തിരുവനന്തപുരം: അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ സർവീസിൽ നിയമനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായാണ് നിരഞ്ജനയെ നിയമിച്ചിരിക്കുന്നത്. സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറി.
നവീൻ ബാബുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മകൾക്ക് സർക്കാർ സർവീസിൽ അവസരം ലഭിച്ചത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമായത് കണ്ണൂരിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു. ഒക്ടോബർ 14ന് നടന്ന പരിപാടിയിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ചടങ്ങിലേക്ക് ക്ഷണമില്ലാതെയാണ് ദിവ്യ എത്തിയതെന്നും നവീൻ ബാബുവിനെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചെന്നുമാണ് റിപ്പോർട്ടുകൾ.
പരിപാടിക്ക് പിന്നാലെ നവീൻ ബാബു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തിന് ലഭിച്ച ഉപഹാരങ്ങൾ പോലും സ്വീകരിക്കാതെയാണ് കളക്ടറേറ്റിൽ നിന്ന് മടങ്ങിയത്.
അന്ന് രാത്രി 8.55ന് പുറപ്പെടുന്ന മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായിരുന്നു നവീൻ ബാബുവിന്റെ യാത്രാ പദ്ധതി. എന്നാൽ പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കൾ അദ്ദേഹം ട്രെയിനിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ കണ്ണൂരിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നവീൻ ബാബുവിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും ഇത് വഴിവെച്ചിരുന്നു.
Comments ()