പ്രവാസലോകത്തേക്ക് ഓണമെത്തുന്നു: കൊച്ചിയിൽ നിന്ന് കടൽകടന്ന് ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും

വരും ദിവസങ്ങളില്‍ കയറ്റുമതി ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്

പ്രവാസലോകത്തേക്ക് ഓണമെത്തുന്നു: കൊച്ചിയിൽ നിന്ന് കടൽകടന്ന് ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും

കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം, ലോകത്തിന്റെ ഏതു കോണിലായാലും മലയാളികൾ ഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട്. ഇത്തവണയും ഗൾഫ് മലയാളിക്ക് ഓണമൊരുക്കാൻ വൻതോതിലുള്ള പഴങ്ങളും പച്ചക്കറികളുമാണ് കൊച്ചിയിൽനിന്ന് കടൽകടക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 250 ടൺ ഉൽപ്പന്നങ്ങൾ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വഴി കയറ്റുമതി ചെയ്തു. വരുംദിവസങ്ങളിൽ ഇത് ഇനിയും ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 260 ടൺ ചരക്ക് ഒരു ദിവസം അയച്ചപ്പോൾ, തുടർ ദിവസങ്ങളിൽ 300 ടൺ വീതവും വരുന്ന 23-ഓടെ 200 ടണ്ണും വീണ്ടും കയറ്റുമതി ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ കാർഗോ സേവനങ്ങൾ ഇതിനായി സജീവമായി രംഗത്തുണ്ട്.

ഓണസദ്യയ്‌ക്കാവശ്യമായ പച്ചക്കറികൾക്ക് പുറമെ ഉപ്പേരികൾ, പായസക്കൂട്ടുകൾ, ഓണത്തപ്പൻ എന്നിവയെല്ലാം മുൻകൂട്ടിത്തന്നെ ഗൾഫിലേക്ക് അയച്ചു കഴിഞ്ഞിട്ടുണ്ട്. കേടുപാടുകൾ സംഭവിക്കാത്ത മത്തൻ, ചേന, കുമ്പളങ്ങ, വെള്ളരി, ഏത്തക്ക തുടങ്ങിയവ സാധാരണയായി കപ്പൽ മാർഗ്ഗമാണ് അയക്കാറുള്ളത്. എന്നാൽ ഹോർമൂസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധികൾ കാരണം നാല് മാസം മുൻപ് അയച്ച കപ്പൽ ചരക്കുകൾ പോലും ഇതുവരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നിട്ടില്ല. ഇതിനുപുറമെ, ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ മുൻനിർത്തി വിമാനക്കമ്പനികൾ കാർഗോ നിരക്ക് 20 മുതൽ 40 ശതമാനം വരെ വർദ്ധിപ്പിച്ചത് കയറ്റുമതിക്കാരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.