ചപ്പാത്തി മെഷീനിൽ കൈ കുടുങ്ങി ഗുരുതര പരിക്ക്; ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു
വിൽപ്പനയ്ക്കുള്ള ചപ്പാത്തി തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ നേരം കഴിഞ്ഞിട്ടും റെജിമോളെ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനിൽ കൈ കുടുങ്ങി ബോധരഹിതയായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു.
കൊച്ചി: ചപ്പാത്തി നിർമ്മാണത്തിനിടെ യന്ത്രത്തിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ സ്വദേശിനി റെജിമോൾ (52) ആണ് മരിച്ചത്. വാഴക്കുളം സ്റ്റാർ ചപ്പാത്തിക്കടയുടെ ഉടമയായിരുന്നു.
വിൽപ്പനയ്ക്കുള്ള ചപ്പാത്തി തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഏറെ നേരം കഴിഞ്ഞിട്ടും റെജിമോളെ കാണാതിരുന്നതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് മെഷീനിൽ കൈ കുടുങ്ങി ബോധരഹിതയായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു.
അപകടത്തിൽ കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ഭർത്താവ് ജസ്റ്റിന്റെ മരണശേഷം മക്കളെ വളർത്തുന്നതിനായാണ് റെജിമോൾ സ്റ്റാർ ചപ്പാത്തിക്കട ആരംഭിച്ചത്. ഭർത്താവിന്റെ വേർപാടിനുശേഷമുള്ള പ്രതിസന്ധികളെ അതിജീവിച്ച് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
കുടുംബത്തിന് താങ്ങാകാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുമായി ആരംഭിച്ച സംരംഭത്തിനിടെയുണ്ടായ അപകടത്തിൽ റെജിമോളുടെ മരണം നാട്ടിലും ബന്ധുക്കൾക്കിടയിലും വലിയ ദുഃഖത്തിനിടയാക്കി.
Comments ()