പത്തു വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ചേതനയറ്റ ശരീരമായി ഹരിദാസ് നാട്ടിലെത്തി, വിട നല്‍കി പ്രവാസി ലോകം
സൗദിയില്‍ വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ കാരണം നീണ്ട 10 വര്‍ഷക്കാലം കാത്തിരുന്നിട്ടും ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന മലയാളി ഒടുവില്‍ മരണത്തിന് കീഴടങ്ങി.
റിയാദ്: സൗദിയില്‍ വിസയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകള്‍ കാരണം നീണ്ട 10 വര്‍ഷക്കാലം കാത്തിരുന്നിട്ടും ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന മലയാളി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം വര്‍ക്കല ജനാര്‍ദ്ദനപുരം 'ശ്രീ ജനാര്‍ദ്ദനം' വീട്ടില്‍ ആര്‍. ഹരിദാസ് (57) ആണ് പ്രവാസലോകത്തു നിന്നും കണ്ണീരോര്‍മ്മയായി മടങ്ങിയത്.
ഒരു പതിറ്റാണ്ടായി നാടും വീടും കാണാന്‍ കൊതിച്ചിട്ടും വിസ നിയമങ്ങളുടെ സങ്കീര്‍ണ്ണതകള്‍ കാരണം ഹരിദാസിന് നാട്ടിലെത്താന്‍ സാധിച്ചിരുന്നില്ല. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള ദമ്മാമില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള റഫിയയിലായിരുന്നു ഹരിദാസിന്റെ താമസം. പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം ജന്മനാട്ടിലേക്ക് എത്തിച്ചത്. കഴിഞ്ഞ 35 വര്‍ഷമായി സൗദിയില്‍ ഒരു സ്വദേശി പൗരന് കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. എം.എസ്. ശ്രീകലയാണ് ഭാര്യ. നിതിന്‍ കൃഷ്ണ (26), നിഖില്‍ കൃഷ്ണന്‍ എച്ച് (21) എന്നിവര്‍ മക്കളാണ്.
റഫ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുങ്ങി. തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന്‍ (ട്രിവ) പ്രസിഡന്റും ഒ.ഐ.സി.സി പ്രവര്‍ത്തകനുമായ നാസര്‍ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്.
Comments ()