വിശ്രമത്തിനിടെ ഹൃദയാഘാതം; പ്രവാസി മലയാളിക്ക് സൗദിയിൽ ദാരുണാന്ത്യം
ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഷാഹുൽ ഹമീദിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
റിയാദ്: സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് താമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ–50) ആണ് റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിൽ മരിച്ചത്.
ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് ഷാഹുൽ ഹമീദിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ചോറ്റി പുതുപ്പറമ്പിൽ മുഹമ്മദ്–നസീമ ദമ്പതികളുടെ മകനായ ഷാഹുൽ ഹമീദ് ഏകദേശം 25 വർഷത്തോളം സൗദി അറേബ്യയിൽ പ്രവാസജീവിതം നയിച്ചിരുന്നു. കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഒരു വർഷം മുൻപ് പുതിയ വിസയിൽ വീണ്ടും സൗദിയിലെത്തി പച്ചക്കറി വിതരണ മേഖലയിലെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ഭാര്യ: റമീസ ഷാഹുൽ (ഫൗസി). മക്കൾ: യഹ്‌യ ഫാബി, ഫഹദ്.
Comments ()