വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി
സംശയത്തിനു തെളിവായി പ്രതിശ്രുത വരന്‍ വിഷ്ണുവിന്‍റെ അമ്മയുടെ ഓഡിയോ സന്ദേശം പൊലീസിനു കൈമാറി.
ആലപ്പുഴ: അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് 25-കാരിയായ അനഘ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. അനഘയും തൃശൂര്‍ സ്വദേശിയായ വിഷ്ണുവും തമ്മിലുള്ള പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ച് വിവാഹനിശ്ചയം നടത്തുകയും വരുന്ന നവംബറില്‍ വിവാഹം തീരുമാനിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ പിന്നീട് വിഷ്ണുവിന്റെ കുടുംബം ഈ ബന്ധത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.
കരഞ്ഞു കാലുപിടിച്ചിട്ടും വരന്റെ വീട്ടുകാര്‍ കൂട്ടാക്കാതിരുന്നതോടെ, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിഷ്ണു ജോലി ചെയ്യുന്ന അബുദാബിയിലെത്തി അനഘ നേരിട്ട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അനഘ അന്ന് രാത്രിയോടെ സ്വന്തം മുറിയിൽ ജീവനൊടുക്കുകയായിരുന്നു.
തൂങ്ങിമരിക്കാനായി കുരുക്കിട്ട ശേഷം അനഘ ആ വീഡിയോ വിഷ്ണുവിന് അയച്ചുകൊടുത്തിരുന്നതായും, വിഷ്ണു അത് തന്റെ അമ്മയ്ക്ക് കൈമാറിയെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബം സംശയിക്കുന്നത്. ആത്മഹത്യാ മുന്നറിയിപ്പ് നല്‍കിയിട്ടും അനഘ അഭിനയിക്കുകയാണെന്ന് പറഞ്ഞ് വിഷ്ണുവിന്റെ അമ്മ നല്‍കിയ മറുപടി ഓഡിയോയാണ് പെണ്‍കുട്ടിയെ ഇത്തരം ഒരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുടുംബം വിശ്വസിക്കുന്നു.
വിഷ്ണുവിന്റെ അമ്മ അയച്ച ഈ ഓഡിയോ സന്ദേശം മരിക്കുന്നതിന് തൊട്ടുമുമ്പ് അനഘ സ്വന്തം അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നു. വിഷ്ണുവിന്റെ അമ്മയുടെ ഈ ഓഡിയോ സന്ദേശം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണത്തിന് ശേഷം മാത്രമേ പ്രതിശ്രുത വരനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനമാകൂ എന്ന നിലപാടിലാണ് പൊലീസ്.
Comments ()