മഴ ശക്തമാകുന്നു; നെല്ലിയാമ്പതിയിലും അട്ടപ്പാടിയിലും വിനോദസഞ്ചാര യാത്രകൾക്ക് നിയന്ത്രണം

സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. നെല്ലിയാമ്പതി ചുരം വഴിയും അട്ടപ്പാടി മേഖലയിലേക്കുമുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനുള്ള ചുമതല നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറി

മഴ ശക്തമാകുന്നു; നെല്ലിയാമ്പതിയിലും അട്ടപ്പാടിയിലും വിനോദസഞ്ചാര യാത്രകൾക്ക് നിയന്ത്രണം

പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമാകുകയും വിവിധ ജില്ലകളിൽ മുന്നറിയിപ്പ് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ നിയന്ത്രിക്കാൻ നിർദേശം. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്. നെല്ലിയാമ്പതി ചുരം വഴിയും അട്ടപ്പാടി മേഖലയിലേക്കുമുള്ള യാത്രകൾ നിയന്ത്രിക്കുന്നതിനുള്ള ചുമതല നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറി.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ വി. ചെൽസാസിനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ സെക്ഷൻ 51(ബി) പ്രകാരം നടപടിയെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

മലപ്പുറം ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സ്ഥാപനങ്ങൾ, പാരലൽ കോളേജുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമല്ല. നേരത്തെ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകളും പൊതുപരീക്ഷകളും മാറ്റിവയ്ക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.