ഇടിമിന്നലിൽ കെഎസ്ആർടിസി ഓഫീസിലെ സ്വിച്ച് ബോർഡ് കത്തി; അഞ്ച് ജീവനക്കാർക്ക് പരിക്ക്

ഇടിമിന്നലിൽ ഡിപ്പോയിലെ ഓഫീസിന്റെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. സ്വിച്ച് ബോർഡിൽ നിന്നുണ്ടായ വൈദ്യുത ആഘാതമാണ് ജീവനക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയതെന്നാണ് വിവരം

ഇടിമിന്നലിൽ കെഎസ്ആർടിസി ഓഫീസിലെ സ്വിച്ച് ബോർഡ് കത്തി; അഞ്ച് ജീവനക്കാർക്ക് പരിക്ക്

തിരുവനന്തപുരം: പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ ഓഫീസിൽ ജോലിക്കിടെ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റു. മിനിസ്റ്റീരിയൽ വിഭാഗത്തിലെ ശോഭ, രേഖ, സെലിന്‍ മേരി, ജയ എന്നിവർക്കൊപ്പം സ്റ്റേഷൻ മാസ്റ്റർ സാബുവിനാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തെ തുടർന്ന് ജീവനക്കാരെ അടിയന്തരമായി ആശുപത്രികളിലേക്ക് മാറ്റി.

ഇടിമിന്നലിൽ ഡിപ്പോയിലെ ഓഫീസിന്റെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. സ്വിച്ച് ബോർഡിൽ നിന്നുണ്ടായ വൈദ്യുത ആഘാതമാണ് ജീവനക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയതെന്നാണ് വിവരം. പരിക്കേറ്റ വനിതാ ജീവനക്കാരെ പാറശാല സർക്കാർ ആശുപത്രിയിലും സ്റ്റേഷൻ മാസ്റ്ററെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

പാറശാല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിലാണ് അപകടം. ഇരട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.