ജന്തർ മന്തറിലെ കുഞ്ഞുങ്ങളുടെ ചോര നീതിക്കായി നിലവിളിക്കുന്നു: സാറാ ജോസഫ്

ജന്തർ മന്തറിലെ കുഞ്ഞുങ്ങളുടെ ചോര നീതിക്കായി നിലവിളിക്കുന്നു: സാറാ ജോസഫ്

തൃശൂർ: ഡൽഹി ജന്തർ മന്തറിലെ സമരകേന്ദ്രങ്ങളിൽ വീണ കുഞ്ഞുങ്ങളുടെ ചോര നീതിക്കുവേണ്ടി നിലവിളിക്കുകയാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. എഐഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ പട്ടാളം റോഡിൽ സംഘടിപ്പിച്ച രാപ്പകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ആർഎസ്എസ് ഭരണത്തിൽ രാജ്യത്ത് രാഷ്ട്രീയ തുല്യതയും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് സാറാ ജോസഫ് ആരോപിച്ചു. ദേശീയ പതാക ഉയർത്തിപ്പിടിക്കാനുള്ള അവകാശത്തിനായി ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നു. ആ സമരത്തെ ഭരണകൂടം തന്ത്രങ്ങൾ മെനഞ്ഞ് കലാപകലുഷിതമാക്കുകയാണ്. സമരകേന്ദ്രങ്ങളിലേക്ക് ആർഎസ്എസ് ഗുണ്ടകളെ കയറ്റിവിട്ട് സ്ത്രീകളെയും വിദ്യാർത്ഥിനികളെയും ലൈംഗികമായി പീഡിപ്പിക്കുകയാണ്. ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെയാണ് രാജ്യതലസ്ഥാനത്ത് ഇടതു വിദ്യാർത്ഥി-യുവജന സംഘടനകൾ ഉൾപ്പെടെ സമരം ചെയ്യുന്നത്. എന്നാൽ ഈ സമരങ്ങളെ അടിച്ചൊതുക്കാനും അട്ടിമറിക്കാനുമുള്ള പരിശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും നാടെങ്ങും ജന്തർ മന്തറുകളായി മാറണമെന്നും അവർ ആഹ്വാനം ചെയ്തു.

ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഡൽഹിയിൽ നടക്കുന്നത്. തെരുവുകളിൽ പ്രതിഷേധമുയരാതിരിക്കാൻ ഭരണകൂടം മർദ്ദനോപാധികൾ ഒന്നൊന്നായി പ്രയോഗിക്കുകയാണെങ്കിലും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സമരവീര്യത്തിനു മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു. ആഹ്വാനങ്ങൾക്ക് കാത്തുനിൽക്കാതെ തെരുവിലിറങ്ങുകയും ഉയർന്ന ജനാധിപത്യബോധത്തോടെ പ്രതിഷേധിക്കുകയും ചെയ്യുന്ന പുതുതലമുറ വലിയ പ്രതീക്ഷയാണ് നൽകുന്നത്. അടിച്ചമർത്തലുകൾ ആവർത്തിക്കുമ്പോൾ ഭയരഹിതമായി സമൂഹം മാറുകയാണെന്നും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇവിടുത്തെ യുവജനങ്ങളുണ്ടെന്ന കാര്യം മോദി സർക്കാർ മറക്കരുതെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു.

കലാമണ്ഡലം രഞ്ജു പാഞ്ഞാളും സംഘവും അവതരിപ്പിച്ച മേളത്തോടെയാണ് സത്യഗ്രഹം ആരംഭിച്ചത്. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അലൻ പോൾ വർഗ്ഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ 'തീപ്പാട്ട്' എന്ന കവിത ആലപിച്ചു. സിപിഐ ദേശീയ കൗൺസിൽ അംഗം കെ. രാജൻ എംഎൽഎ, ചിത്രകാരൻ കെ. ജി. ബാബു എന്നിവർ സംസാരിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ സ്വാഗതം ആശംസിച്ചു.

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പി. രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. വത്സരാജ് എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. വി. എസ്. സുനിൽകുമാർ, രാജാജി മാത്യു തോമസ്, മുതിർന്ന സിപിഐ നേതാവ് സി. എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ. ജി. ശിവാനന്ദൻ, എഐവൈഎഫ് ജനറൽ സെക്രട്ടറി ദിനേഷ് സീരംഗരാജ്, അഡ്വ. ടി. ആർ. രമേഷ്‌കുമാർ, ഇ. എം. സതീശൻ, ഷീലാ വിജയകുമാർ, ടി. പ്രദീപ് കുമാർ എന്നിവരും വിവിധ ബഹുജന സംഘടനാ ഭാരവാഹികളായ വി. എസ്. പ്രിൻസ്, ടി. കെ. സുധീഷ്, പ്രസാദ് പറേരി, ബിനോയ് ഷബീർ, ഷീന പറയങ്ങാട്ടിൽ, കെ. എസ്. ജയ, അർജ്ജുൻ മുരളിധരൻ, കെ. എ. അഖിലേഷ്, ശിവപ്രിയ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സത്യഗ്രഹ സമരവേദിയിലേക്ക് അഭിവാദ്യങ്ങളർപ്പിച്ച് എഐടിയുസി, കേരള മഹിളാസംഘം, എഐവൈഎഫ്, ബികെഎംയു, പ്രവാസി ഫെഡറേഷൻ, കെജിഒഎഫ്, യുവകലാസാഹിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളത്തിന്റെ നേതൃത്വത്തിൽ ഗാനങ്ങളും പടപ്പാട്ടുകളും അവതരിപ്പിച്ചു. ഇപ്റ്റ, എഐഎസ്എഫ് സാംസ്‌കാരിക വേദി എന്നിവയുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. യുവകലാസാഹിതിയുടെ സാംസ്‌കാരിക ഐക്യദാർഢ്യ ജ്വാല കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വേദിയിൽ തെളിയിച്ചു. ഒക്ടോബർ 25-ന് രാവിലെ ദേശീയ പതാക ഉയർത്തുന്നതോടെ സത്യഗ്രഹം സമാപിക്കും.