സംസ്ഥാനത്ത് കനത്ത മഴ; ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്, അതീവ ജാഗ്രത നിർദേശം
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് കൂടുതൽ സാധ്യത പ്രവചിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് കൂടുതൽ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രധാന റോഡുകളിൽ വെള്ളക്കെട്ടും കാഴ്ചപരിമിതിയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നിശ്ചയിച്ചിട്ടുള്ള പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
Comments ()