ശക്തമായ മഴ, വയനാട്ടില്‍ ജാഗ്രത; സ്കൂളുകൾക്ക് അവധി, മൂന്നാറിൽ മണ്ണിടിച്ചിലും

പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനും ദുരന്തസാധ്യത വർധിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. വിദ്യാർഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ശക്തമായ മഴ, വയനാട്ടില്‍ ജാഗ്രത;  സ്കൂളുകൾക്ക് അവധി, മൂന്നാറിൽ മണ്ണിടിച്ചിലും

കൽപ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മുൻകരുതൽ നടപടികൾ ശക്തമാക്കി. മഴയുടെ പശ്ചാത്തലത്തിൽ പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനും ദുരന്തസാധ്യത വർധിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. വിദ്യാർഥികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലും ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശനിയാഴ്ച വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഇടുക്കി ജില്ലയിലെ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഹെഡ്‌വർക്ക്സ് ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായി. ഇതിനെ തുടർന്ന് പാതയിൽ ഭാഗികമായി ഗതാഗത തടസ്സം നേരിട്ടു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രദേശവാസികളുടെ ആരോപണം. സ്ഥലത്ത് ഗതാഗതം സാധാരണ നിലയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.