തിരുവനന്തപുരം ലോക്ഭവനിൽ ഇനി പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണം; നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശം

മുൻ ഗവർണ്ണർ രാജേന്ദ്ര ആർലേക്കറുടെ കാലത്ത് നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്കില്ലായിരുന്നു.

തിരുവനന്തപുരം ലോക്ഭവനിൽ ഇനി പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണം; നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശം

തിരുവനന്തപുരം: കേരള ലോക്ഭവനിൽ ഇനി മുതൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിളമ്പിയാൽ മതിയെന്ന് നിയുക്ത ഗവർണ്ണർ ഓം പ്രകാശ് മാഥൂർ നിർദ്ദേശിച്ചു. അതിഥികൾക്ക് മാത്രമല്ല, ലോക്ഭവനിലെ ജീവനക്കാർക്കും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ ഗവർണ്ണറായി ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി നൽകിയ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ പ്രധാന തീരുമാനം ഉൾപ്പെടുത്തിയിട്ടുള്ളത്.

നേരത്തെ ഗവർണ്ണറായിരുന്ന രാജേന്ദ്ര ആർലേക്കറുടെ കാലത്ത് മത്സ്യവിഭവങ്ങൾ ഉൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ആഹാരരീതികൾ ലോക്ഭവനിൽ ഉണ്ടായിരുന്നു. ജീവനക്കാരോ അതിഥികളോ നോൺ-വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ ഗവർണ്ണറുടെ വരവോടെ ലോക്ഭവന്റെ ഭക്ഷണക്രമം പൂർണ്ണമായും വെജിറ്റേറിയൻ രീതിയിലേക്ക് മാറുകയാണ്.

സിക്കിം ഗവർണ്ണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ഓം പ്രകാശ് മാഥൂറിനെയാണ് കേരളത്തിന്റെ പുതിയ ഗവർണ്ണറായി നിയമിച്ചത്. സ്ഥാനമൊഴിയുന്ന രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണ്ണറായി ചുമതലയേൽക്കും. കേരള ഗവർണ്ണറായിരിക്കെ തമിഴ്നാടിന്റെ അധിക ചുമതലയും ആർലേക്കർ വഹിച്ചിരുന്നു. ഇതിനൊപ്പം സുധ യാദവിനെ കർണ്ണാടക ഗവർണ്ണറായും പുതിയതായി നിയമിച്ചിട്ടുണ്ട്.