കനത്ത മഴ, നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു, വിവിധ നദികളിൽ ഓറഞ്ച്-മഞ്ഞ അലർട്ടുകൾ, ജാഗ്രത

പത്തനംതിട്ടയിലെ പമ്പാ നദിയിൽ മടമൺ സ്റ്റേഷനിലും കോട്ടയത്തെ മണിമല നദിയിൽ പുല്ലക്കയാർ സ്റ്റേഷനിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പമ്പാ നദിയിലെ മലക്കര സ്റ്റേഷനിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.

കനത്ത മഴ, നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു, വിവിധ നദികളിൽ ഓറഞ്ച്-മഞ്ഞ അലർട്ടുകൾ, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

പത്തനംതിട്ടയിലെ പമ്പാ നദിയിൽ മടമൺ സ്റ്റേഷനിലും കോട്ടയത്തെ മണിമല നദിയിൽ പുല്ലക്കയാർ സ്റ്റേഷനിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, പമ്പാ നദിയിലെ മലക്കര സ്റ്റേഷനിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദികളിൽ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, ജില്ലാ ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.