കനത്ത മഴയിൽ ഒമാനിലെ വാദികളിൽ കുത്തൊഴുക്ക്; യാത്രക്കാർക്ക് മുന്നറിയിപ്പ്

ഇബ്ര വിലായത്തിലെ അൽ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ ഗ്രാമങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. മഴയുടെ തുടർച്ചയിൽ ഇവിടങ്ങളിലെ വാദികൾ നിറഞ്ഞൊഴുകി.

കനത്ത മഴയിൽ ഒമാനിലെ വാദികളിൽ കുത്തൊഴുക്ക്; യാത്രക്കാർക്ക് മുന്നറിയിപ്പ്

മസ്‌കറ്റ്: വടക്കൻ അൽ ശർഖിയ ഗവർണറേറ്റിൽ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ശക്തമായ മഴ പെയ്തതോടെ നിരവധി വാദികളിൽ ജലനിരപ്പ് ഉയർന്നു. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം പല മേഖലകളിലും താഴ്‌വരകളിലൂടെ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെട്ടത്.

ഇബ്ര വിലായത്തിലെ അൽ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ ഗ്രാമങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. മഴയുടെ തുടർച്ചയിൽ ഇവിടങ്ങളിലെ വാദികൾ നിറഞ്ഞൊഴുകി.

അൽ മുദൈബിയിലെ സമദ് അൽ ഷാൻ, അൽ റൗദ, ബാദ്, ഖദ്ര ബനി ദിഫ, അൽ ഐനൈൻ, അൽ ഫതഹ് എന്നിവിടങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി. അന്ദാം, അൽ ഫലിജ്, ഗബ്‌റത് അൽ വാഫി മേഖലകളിലും ശക്തമായ ജലപ്രവാഹം റിപ്പോർട്ട് ചെയ്തു.

ബിദിയയിലെ അൽ റാക്ക, അൽ വാസിൽ, അൽ ദാഹിർ എന്നിവിടങ്ങളിലെ താഴ്‌വരകളും വെള്ളം നിറഞ്ഞ നിലയിലാണ്. അൽ ഖാബിലയിലെ സുഖ, അൽ സർം, സുവാ, ഷന്ന, അൽ അഖീദ തുടങ്ങിയ വാദികളിലും ജലനിരപ്പ് ഉയർന്നു.

ദിമ വ അത്തായീനിലെ വാദി സംഹാൻ, വാദി അൽ ഖബാഹ്, വാദി അൽ ദിറ എന്നിവിടങ്ങളിലും കുത്തൊഴുക്ക് ശക്തമായിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാദികളുടെയും താഴ്‌വരകളുടെയും സമീപത്ത് നിന്ന് മാറിനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചു. വെള്ളം നിറഞ്ഞ ജലപാതകളിലൂടെ വാഹനങ്ങളുമായി കടന്നുപോകുന്നത് അപകടകരമായതിനാൽ ഇത്തരം സ്ഥലങ്ങൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.