മദ്യപിച്ച് ട്രെയിനിൽ കയറിയാൽ പുറത്താക്കാം; റെയിൽവേ പൊലീസിന്റെ അധികാരം ശരിവെച്ച് ഹൈക്കോടതി
റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹെെക്കോടതി
കൊച്ചി: റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്‍കുന്ന 1989-ലെ റെയില്‍വേ ആക്ടിലെ 145 (എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ.എന്‍. ശാസ്ത്രി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി. 'മദ്യപിച്ച അവസ്ഥ' എന്നതിന് നിയമത്തില്‍ കൃത്യമായ നിര്‍വചനമില്ലാത്തത് റെയില്‍വേ പൊലീസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്നും ഇത് സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയും പൊതുസമാധാനവും സംരക്ഷിക്കാനാണ് ഈ നിയമമെന്നും, നിയമം നടപ്പിലാക്കുന്നതിലെ ആശങ്കകള്‍ മുന്‍നിര്‍ത്തി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ട്രെയിനിലോ സ്റ്റേഷനിലോ വെച്ച് ഉടനടി രക്തപരിശോധന നടത്തുന്നത് അപ്രായോഗികമായതിനാല്‍, വ്യക്തിയുടെ ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും വിലയിരുത്തി പ്രാഥമികമായി സംശയം തോന്നുന്നവര്‍ക്കെതിരെ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താം. ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയും ആകാം. മദ്യപിച്ച വ്യക്തികളെ തിരിച്ചറിയുന്നതിന് കണ്ണുകള്‍, സംസാരരീതി, പെരുമാറ്റം എന്നിവ വിലയിരുത്താന്‍ റെയില്‍വേ ബോര്‍ഡിന്റെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (Security Circular No. 02/2023) നിലവിലുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരം ലഭിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരുവേള അധികാരം ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിനെതിരെ നിയമപരമായി കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് അവകാശമുണ്ടെന്നും സഹയാത്രക്കാരുടെ സുരക്ഷയ്ക്ക് ഇത്തരമൊരു വ്യവസ്ഥ അനിവാര്യമാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments ()