വെള്ളക്കെട്ട് തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കുട്ടനാട്ടിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

വെള്ളക്കെട്ട് തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: ശക്തമായ മഴയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കുന്ന സ്ഥാപനങ്ങളിലാണ് പ്രധാനമായും അവധി ബാധകമാകുന്നത്.

കോട്ടയത്ത്, ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

പത്തനംതിട്ടയിൽ, തിരുവല്ല താലൂക്കിലെ 10 സ്കൂളുകൾക്കും കോഴഞ്ചേരി താലൂക്കിലെ രണ്ട് അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഈ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാം.

ആലപ്പുഴയിൽ, കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയ്ക്ക് പിന്നാലെ പ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് നടപടി സ്വീകരിച്ചത്.

കുട്ടനാട്ടിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.

അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മഴയുടെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.