കനത്തമഴ; ഞായറാഴ്ചയിലെ ക്ലാസുകൾക്ക് പൂട്ട്; റെഡ് അലേർട്ട് മുന്നറിയപ്പുള്ള 2 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ റെഡ് അലേർട്ട് മുന്നറിയിപ്പുള്ള കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ വയനാട് ജില്ലാ കളക്ടർ വി. ചെൽസാസിനി അവധി പ്രഖ്യാപിച്ചു. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51(ബി) പ്രകാരം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു; തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും, നാളെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 3 ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിൽ 25, 26 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ടെന്നും, 28-ന് ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
Comments ()