ഹോസ്റ്റൽ കുളിമുറിയിലെ ചുവരെഴുത്തിൽ അന്വേഷണം; 19കാരി ജീവനൊടുക്കി

കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്. രാത്രി കുളിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മുറിയിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഹോസ്റ്റലിന്റെ മൂന്നാംനിലയിൽനിന്ന് താഴേക്ക് ചാടിയത്

ഹോസ്റ്റൽ കുളിമുറിയിലെ ചുവരെഴുത്തിൽ അന്വേഷണം; 19കാരി ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടി 19കാരിയായ വിദ്യാർഥിനി മരിച്ചു. യശ്വന്ത്റാവു ചൗഹാൻ സയൻസ് കോളേജിലെ രണ്ടാംവർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനി സൃഷ്ടി ഭാനുദാസാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സൃഷ്ടി താമസിച്ചിരുന്നത്. രാത്രി കുളിമുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മുറിയിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഹോസ്റ്റലിന്റെ മൂന്നാംനിലയിൽനിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സൃഷ്ടിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. എന്നാൽ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതിനിടെ, അടുത്തിടെ ഹോസ്റ്റലിലെ കുളിമുറിയുടെ ചുമരുകളിൽ മോശം വാക്കുകളടങ്ങിയ എഴുത്തുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് കോളേജ് അധികൃതർ അന്വേഷണം നടത്തുകയും ചില വിദ്യാർഥിനികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ചില വിദ്യാർഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുന്നതിനെക്കുറിച്ചും അധികൃതർ ആലോചിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിലാണ് സൃഷ്ടിയുടെ മരണം സംഭവിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.