ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി ആണ് മരിച്ചത്.
ആലപ്പുഴ: ചെങ്ങന്നൂർ വെൺമണിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലം ചവറ തെക്കേക്കര സ്വദേശിനി ഉദയലക്ഷ്മി (42) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും സഞ്ജീവനി ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു.
തൈറോയ്ഡ് ഗ്രന്ഥിയിൽ കാൻസർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം 16-നാണ് ഉദയലക്ഷ്മിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. തുടർന്ന് ശ്വസനം സുഗമമാക്കുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ട്രാക്കിയോസ്റ്റമി നടത്തി. എന്നാൽ, ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പുവരെ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതെ സംസാരിച്ചിരുന്ന ഉദയലക്ഷ്മി പെട്ടെന്ന് മരിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
Comments ()