യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

ഉൾപ്രദേശങ്ങളിൽ 35 മുതൽ 41 ഡിഗ്രി വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 34 മുതൽ 38 ഡിഗ്രി വരെയും താപനില അനുഭവപ്പെടാം. പർവതപ്രദേശങ്ങളിൽ ഇത് 26 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും

യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം

അബുദാബി: ഉയർന്ന താപനിലയ്ക്കിടയിലും യുഎഇയിലെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ മഴ പെയ്തേക്കും. അതേസമയം, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചൂട് ശക്തമായി തുടരുമെന്നും പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസ് വരെ എത്താമെന്നും മുന്നറിയിപ്പുണ്ട്.

ഉൾപ്രദേശങ്ങളിൽ 35 മുതൽ 41 ഡിഗ്രി വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 34 മുതൽ 38 ഡിഗ്രി വരെയും താപനില അനുഭവപ്പെടാം. പർവതപ്രദേശങ്ങളിൽ ഇത് 26 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പർവത മേഖലകളിൽ കാറ്റിന്റെ വേഗം ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കും. ഇതോടെ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.

രാത്രിയിലും വെള്ളിയാഴ്ച പുലർച്ചെയും, പ്രത്യേകിച്ച് തീരദേശങ്ങളിൽ, ഈർപ്പം വർധിക്കുന്നതിനാൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കിഴക്കൻ മേഖലകളിലും ശനിയാഴ്ച കിഴക്കൻ, വടക്കൻ പ്രദേശങ്ങളിലും മഴയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ഞായറാഴ്ചയും വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ താപനില ക്രമേണ താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ ഉച്ചയ്ക്കുശേഷം വടക്കൻ, കിഴക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെട്ടേക്കാം. വരും ദിവസങ്ങളിൽ കാറ്റ് കുറഞ്ഞതോ മിതമായതോ ആയ വേഗത്തിലായിരിക്കും. അറേബ്യൻ ഉൾക്കടലിൽ കടൽ ശാന്തമോ നേരിയ തോതിൽ പ്രക്ഷുബ്ധമോ ആയിരിക്കാം. ഒമാൻ കടലിൽ കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും പ്രവചനമുണ്ട്.