സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം അടക്കി; ഒടുവിൽ സത്യം പുറത്തു കൊണ്ടുവന്ന് വാട്‌സ്ആപ്പ് ചാറ്റുകൾ, ഭാര്യയും കാമുകനും കുടുങ്ങി

ഉത്തർപ്രദേശിലെ മീററ്റിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയും ഇവരുടെ കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം അടക്കി; ഒടുവിൽ സത്യം പുറത്തു കൊണ്ടുവന്ന് വാട്‌സ്ആപ്പ് ചാറ്റുകൾ, ഭാര്യയും കാമുകനും കുടുങ്ങി

ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകമെന്ന് പൊലീസ്. മീററ്റ് ലോഹ്യനഗർ സ്വദേശിയായ താലിബ് (30) എന്ന യുവാവിന്റെ മരണമാണ് ദിവസങ്ങൾക്ക് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ താലിബിന്റെ ഭാര്യയും ബ്യൂട്ടീഷ്യനുമായ ഇൽമയെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൽമയുടെ കാമുകൻ അമനും ഇയാളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 28-നാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞെത്തിയ താലിബ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് ഭാര്യ ബന്ധുക്കളെ അറിയിച്ചിരുന്നത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് വിശ്വസിച്ച് ബന്ധുക്കൾ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ, ഒക്ടോബർ ഒന്നിന് വീട്ടിലെത്തിയ താലിബിന്റെ ബന്ധുവായ റയീസ്, വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ താലിബിന്റെ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ പരിശോധിച്ചപ്പോൾ താലിബും അമനും തമ്മിലുള്ള സംശയകരമായ ചാറ്റുകൾ ശ്രദ്ധയിൽപെട്ടു. തന്റെ ഭാര്യയോട് സംസാരിക്കരുതെന്ന് താലിബ് അമനോട് മുന്നറിയിപ്പ് നൽകുന്നതായിരുന്നു സന്ദേശങ്ങൾ.

ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ ഇൽമയെ ചോദ്യം ചെയ്തതോടെ യുവതി കുറ്റം സമ്മതിക്കുകയും തുടർന്ന് ബന്ധുക്കൾ ഇവരെ പൊലീസിന് കൈമാറുകയുമായിരുന്നു. നാല് വർഷം മുൻപ് വിവാഹിതരായ താലിബിനും ഇൽമയ്ക്കും മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ഇതിനിടെ ഇൽമ അമനുമായി അടുപ്പത്തിലാവുകയും താലിബ് ഇതറിയുകയും ചെയ്തു. സെപ്റ്റംബർ 28-ന് ഇതേച്ചൊല്ലി താലിബ് ഭാര്യയെ മർദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇൽമ കാമുകനായ അമനെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

മൂവരും ചേർന്ന് താലിബിനെ മർദിച്ച ശേഷം അമൻ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇത് സ്വാഭാവിക മരണമായി ചിത്രീകരിച്ചാൽ ഇൽമയെ വിവാഹം കഴിക്കാമെന്ന് അമൻ ഉറപ്പുനൽകിയിരുന്നു. ഇതിനുശേഷമാണ് താലിബ് കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ഇൽമ ബന്ധുക്കളെ ധരിപ്പിച്ചത്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും, യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.