‘ഇനി കാത്തിരിക്കാനാകില്ല’; ബിജെപി വിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നടൻ ദേവൻ
സംസ്ഥാന ബിജെപി നേതൃത്വത്തിന് ദേശീയ നേതൃത്വത്തിനുള്ള രാഷ്ട്രീയ പ്രാപ്തിയില്ലെന്നും ദേവൻ ആരോപിച്ചു. കെ. സുരേന്ദ്രന് കുറച്ചുകൂടി രാഷ്ട്രീയ പരിചയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കോർപ്പറേറ്റ് ശൈലിയിലുള്ള രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
തൃശൂർ: ബിജെപി വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനവുമായി നടൻ ദേവൻ. തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ലെന്നും മാസങ്ങളായി സംസ്ഥാന അധ്യക്ഷനുമായി സംസാരിക്കാൻ അവസരം തേടിയിട്ടും ലഭിച്ചില്ലെന്നും ദേവൻ പറഞ്ഞു. ഇനി കാത്തിരിക്കാൻ കഴിയില്ലെന്നും താൻ ആരംഭിച്ച കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ബിജെപി നേതൃത്വത്തിന് ദേശീയ നേതൃത്വത്തിനുള്ള രാഷ്ട്രീയ പ്രാപ്തിയില്ലെന്നും ദേവൻ ആരോപിച്ചു. കെ. സുരേന്ദ്രന് കുറച്ചുകൂടി രാഷ്ട്രീയ പരിചയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കോർപ്പറേറ്റ് ശൈലിയിലുള്ള രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ കാര്യങ്ങൾ കൃത്യമായി അറിയിക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വവുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചില്ലെന്നും ദേവൻ പറഞ്ഞു.
കേരളത്തിൽ മാറ്റമുണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് നേരത്തെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്ന് ദേവൻ വ്യക്തമാക്കി. ജീവിതകാലത്ത് തന്നെ എന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്ന ആഗ്രഹമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം നിലനിൽക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും ദേവൻ കൂട്ടിച്ചേർത്തു.
2004ലാണ് ദേവൻ നവകേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. പിന്നീട് പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു. കേരളത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി രൂപീകരിച്ചതെന്ന് ദേവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബിജെപിയിൽ ലയിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 2004ലെ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ദേവൻ പരാജയപ്പെട്ടു.
Comments ()