'കമന്റിട്ടാല്‍ വരുമാനം കിട്ടില്ല, എന്റെ ശമ്പളം ഒരു ദിവസം ഒന്നര ലക്ഷത്തോളമാണ്, വീഡിയോ ചെയ്തോളൂ'; ട്രോളർമാരോട് അഖിൽ മാരാർ
ജൂലൈ 25 മുതൽ ‘അഗ്നിപരീക്ഷ’യുടെ ചിത്രീകരണവുമായി തിരക്കിലാണെന്നും ഒരു ദിവസത്തെ പ്രതിഫലം ജിഎസ്ടി ഉൾപ്പെടെ ഏകദേശം ഒന്നര ലക്ഷം രൂപയാണെന്നും അദ്ദേഹം കുറിച്ചു
കൊച്ചി: സോഷ്യൽ മീഡിയയിലെ ട്രോളുകൾക്കും വിമർശനങ്ങൾക്കും വ്യത്യസ്തമായ മറുപടിയുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. തനിക്കെതിരെ ട്രോളുകളും കമന്റുകളും പങ്കുവെക്കുന്നതിലൂടെ വിമർശകർക്ക് സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും പകരം തന്നെക്കുറിച്ച് വീഡിയോ തയ്യാറാക്കി യൂട്യൂബിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് അഖിൽ പരിഹാസരൂപേണ പറഞ്ഞത്.
ഓണത്തിന് താൻ കാരണം വിമർശകർക്കും എന്തെങ്കിലും വരുമാനം ലഭിക്കട്ടെയെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ അഖിലിന്റെ പ്രതികരണം. ജൂലൈ 25 മുതൽ ‘അഗ്നിപരീക്ഷ’യുടെ ചിത്രീകരണവുമായി തിരക്കിലാണെന്നും ഒരു ദിവസത്തെ പ്രതിഫലം ജിഎസ്ടി ഉൾപ്പെടെ ഏകദേശം ഒന്നര ലക്ഷം രൂപയാണെന്നും അദ്ദേഹം കുറിച്ചു. തനിക്ക് സന്തോഷം നൽകുന്ന തരത്തിൽ വിമർശനം ഉന്നയിക്കുന്നവർക്ക് കൂടി അതിലൂടെ നേട്ടമുണ്ടാകണമെന്നായിരുന്നു അഖിലിന്റെ പരിഹാസം.
നിലവിൽ ‘അഗ്നിപരീക്ഷ’ എന്ന പരിപാടിയുടെ ഭാഗമായി അഖിൽ മാരാർ ശ്രദ്ധ നേടുന്നുണ്ട്. ബിഗ് ബോസ് സീസൺ എട്ടിൽ റിയാസ് സലീമിനും രഞ്ജിനി ഹരിദാസിനുമൊപ്പമാണ് അദ്ദേഹം ജഡ്ജിന്റെ വേഷത്തിലെത്തുന്നത്. മത്സരാർത്ഥികൾക്ക് പരീക്ഷണം എളുപ്പമാക്കാതെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ജഡ്ജുമാരുടെ പ്രധാന ചുമതല.
പരിപാടിയുടെ ആദ്യഘട്ടത്തിൽ 40 മത്സരാർത്ഥികളിൽനിന്ന് 20 പേരെ തിരഞ്ഞെടുത്താണ് മത്സരം മുന്നോട്ട് പോയത്. ജഡ്ജുമാരെ പരിചയപ്പെടുത്തിയതിന് ശേഷമായിരുന്നു ആദ്യഘട്ട തിരഞ്ഞെടുപ്പ്. ‘മണിച്ചിത്രത്താഴ്’ എന്ന ടാസ്കിന്റെ അടിസ്ഥാനത്തിലാണ് ആദ്യ 20 പേരെ വേദിയിലേക്ക് തിരഞ്ഞെടുത്തത്. പരിപാടിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനിടെയാണ് അഖിലിന്റെ പുതിയ സോഷ്യൽ മീഡിയ പ്രതികരണവും ശ്രദ്ധ നേടുന്നത്.
Comments ()