‘ബിജെപി വിടില്ല, ചിന്തിക്കേണ്ട’; തെരഞ്ഞെടുപ്പ് ഫണ്ട് ആരോപണത്തിൽ മലക്കംമറിഞ്ഞ് പി സി ജോർജ്

ബിജെപിയിൽ നിന്ന് പുറത്തുപോകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിയ പി സി ജോർജ്, നരേന്ദ്ര മോദിയോടുള്ള തന്റെ അടുപ്പവും പാർട്ടിയോടുള്ള പ്രതിബദ്ധതയും ആവർത്തിച്ചു. താൻ ബിജെപിയിൽ എത്തിയത് വെറുതെയല്ലെന്നും പാർട്ടി മാറുന്ന കാര്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ബിജെപി വിടില്ല, ചിന്തിക്കേണ്ട’; തെരഞ്ഞെടുപ്പ് ഫണ്ട് ആരോപണത്തിൽ മലക്കംമറിഞ്ഞ് പി സി ജോർജ്

കോട്ടയം: ബിജെപിയിൽ ചേർന്നത് വ്യക്തമായ കാരണത്തോടെയാണെന്നും ഇനി പാർട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബിജെപി നേതാവ് പി സി ജോർജ്. തന്റെ ജീവൻ രക്ഷിക്കാൻ ആർഎസ്എസ്-ബിജെപി പ്രവർത്തകർ ഇടപെട്ടതിലുള്ള നന്ദിയും സ്നേഹവുമാണ് ബിജെപിയിൽ ചേരാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയിൽ നിന്ന് പുറത്തുപോകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളിയ പി സി ജോർജ്, നരേന്ദ്ര മോദിയോടുള്ള തന്റെ അടുപ്പവും പാർട്ടിയോടുള്ള പ്രതിബദ്ധതയും ആവർത്തിച്ചു. താൻ ബിജെപിയിൽ എത്തിയത് വെറുതെയല്ലെന്നും പാർട്ടി മാറുന്ന കാര്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പി സി ജോർജ് നിലപാട് മാറ്റി. ഒരാൾക്ക് പോലും തന്റെ നിർദേശപ്രകാരം പണം നൽകിയതായി തെളിയിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെ പാർട്ടിയിൽ നിന്നുതന്നെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ വ്യക്തമായതെന്നും നാലരക്കോടി രൂപയുടെ ക്രമക്കേടെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എരുമേലിയിലെ ബിജെപി നേതൃയോഗത്തിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നതായി പി സി ജോർജ് ആരോപിച്ചത്. ബിജെപി അനുവദിച്ച 4.5 കോടി രൂപ കൈകാര്യം ചെയ്തത് നേതാവ് സജി കുരിക്കാടാണെന്നും ചെലവുകളുടെ കണക്കുകൾ പരിശോധിച്ചാൽ പാർട്ടി പ്രവർത്തകർക്ക് നാണക്കേടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണെന്നും പണം വാങ്ങി അഴിമതി നടത്തില്ലെന്നും പി സി ജോർജ് വിശദീകരിച്ചു. പാർട്ടിയിലെ ചിലർ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് താൻ അത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.