സൗദിയിൽ അനധികൃത ടാക്സി സർവീസ്: ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾക്ക് വൻ പിഴയും നാടുകടത്തലും

ടാക്സി പെർമിറ്റില്ലാതെ സ്വന്തം സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ മൂന്ന് വിദേശികൾക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റി കർശന നടപടി സ്വീകരിച്ചു.

സൗദിയിൽ അനധികൃത ടാക്സി സർവീസ്: ഇന്ത്യക്കാരനടക്കം മൂന്ന് പ്രവാസികൾക്ക് വൻ പിഴയും നാടുകടത്തലും

റിയാദ്: ടാക്സി പെർമിറ്റില്ലാതെ സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കയറ്റിയ മൂന്ന് വിദേശികൾക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റി കർശന നടപടി സ്വീകരിച്ചു. ഇവർക്ക് ആകെ 35,000 റിയാൽ പിഴ ചുമത്തുകയും രാജ്യത്തുനിന്ന് നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് 12,000 റിയാൽ വീതവും, യാത്രക്കാരെ കയറ്റാൻ തയ്യാറെടുക്കുന്നതിനിടെ പിടിയിലായ ചാഡ് സ്വദേശിക്ക് 11,000 റിയാലുമാണ് പിഴ വിധിച്ചത്.

പെർമിറ്റില്ലാതെയുള്ള ഗതാഗത സർവീസുകൾ വൻ നിയമലംഘനമാണെന്ന് വ്യക്തമാക്കിയ അതോറിറ്റി, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി പരിശോധനകൾ തുടരുമെന്ന് അറിയിച്ചു. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുന്നതിനൊപ്പം ശിക്ഷാവിധിയുടെ വിവരങ്ങൾ പരസ്യമായി പ്രസിദ്ധീകരിക്കുമെന്നും, പൊതുജനങ്ങൾ അംഗീകൃത ടാക്സി സർവീസുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.