ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം പ്രഖ്യാപിച്ചു; ബുമ്രയും അക്‌സറും തിരിച്ചെത്തി, വിരാട് കോലിക്കും ടീമിൽ ഇടം

ഫിറ്റ്‌നസ് പരിശോധന വിജയിച്ചാൽ മാത്രമേ കോലിയുടെ സ്ഥാനം അന്തിമമാകൂ. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ അവസരം ലഭിച്ച പ്രിൻസ് യാദവും ഹർഷ് ദുബെയും ഇത്തവണ ടീമിൽ ഇല്ല

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ഏകദിന ടീം പ്രഖ്യാപിച്ചു; ബുമ്രയും അക്‌സറും തിരിച്ചെത്തി, വിരാട് കോലിക്കും ടീമിൽ ഇടം

മുംബൈ: അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ ജസ്പ്രിത് ബുമ്രയും അക്‌സർ പട്ടേലും തിരിച്ചെത്തിയപ്പോൾ, വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചു. എന്നാൽ ഫിറ്റ്‌നസ് പരിശോധന വിജയിച്ചാൽ മാത്രമേ കോലിയുടെ സ്ഥാനം അന്തിമമാകൂ.

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ അവസരം ലഭിച്ച പ്രിൻസ് യാദവും ഹർഷ് ദുബെയും ഇത്തവണ ടീമിൽ ഇല്ല. ഇവർക്കു പകരമായാണ് ബുമ്രയും അക്‌സറും ഉൾപ്പെട്ടത്. ഗുര്‍നൂർ ബ്രാർ ടീമിലെ സ്ഥാനം നിലനിർത്തി.

അഫ്ഗാനിസ്ഥാനെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം മുൻ നായകൻ രോഹിത് ശർമ ടീമിൽ തുടരുന്നു. അദ്ദേഹത്തിന്റെ ഏകദിന ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും തിരഞ്ഞെടുപ്പിലൂടെ അവയ്ക്ക് താൽക്കാലിക വിരാമമായി.

വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുലും ഇഷാൻ കിഷനും ടീമിലുണ്ട്. സഞ്ജു സാംസണെ വീണ്ടും പരിഗണിച്ചില്ല. പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ ഹാർദിക് പാണ്ഡ്യയും ടീമിൽ ഇല്ല.

രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതും ശ്രദ്ധേയമായി. ഇതോടെ അദ്ദേഹത്തിന്റെ ഏകദിന കരിയറിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.

ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുര്‍നൂർ ബ്രാർ.